Kerala

പ്രധാനമന്ത്രി നാളെ കേരളത്തില്‍: മൂന്നു പരിപാടികളില്‍ പങ്കെടുക്കും; കാതോര്‍ത്ത് രാഷ്ട്രീയ കേരളം

സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടാണ് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുന്നത്. പ്രളയ- ശബരിമല വിവാദങ്ങളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പീരങ്കി മൈതാനത്തു മോദി പങ്കെടുക്കുന്ന പ്രവര്‍ത്തക സംഗമം ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണു ബിജെപി.

പ്രധാനമന്ത്രി നാളെ കേരളത്തില്‍: മൂന്നു പരിപാടികളില്‍ പങ്കെടുക്കും; കാതോര്‍ത്ത് രാഷ്ട്രീയ കേരളം
X

തിരുവനന്തപുരം: മൂന്നു പരിപാടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന മോദി കൊല്ലം ബൈപാസ് ഉദ്ഘാടത്തിലും ബിജെപി പൊതുസമ്മേളനത്തിലും പങ്കെടുത്തശേഷം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ ഉദ്ഘാടനവും നിര്‍വഹിച്ചാവും മടങ്ങുക. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഒപ്പമുണ്ടാവും.

നാളെ വൈകീട്ട് 4.05ന് റായ്പൂരില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാവും പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ കൊല്ലത്തെത്തി 5.20ന് ബൈപാസ് ഉദ്ഘാടനം നിര്‍വഹിക്കും. ഗവര്‍ണറും അദ്ദഹത്തെ അനുഗമിക്കും. ആറിന് പീരങ്കി മൈതാനത്ത് സംഘടിപ്പിക്കുന്ന ബിജെപി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സ്വദേശി ദര്‍ശന്‍ ശിലാഫലകം അനാശ്ചാദനം ചെയ്യും. തിരുവനന്തപുരത്ത് പ്രസംഗമോ മറ്റു പരിപാടികളോ അദ്ദേഹത്തിന് ഉണ്ടായിരിക്കില്ല. ശേഷം 7.55ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.



പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ സുരക്ഷയുടെ ഭാഗമായി വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്‍ നടന്നപ്പോള്‍. ഫോട്ടോ: അസീം മുഹമ്മദ്

കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിന്‍ഹയുടെ നിയന്ത്രണത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല ഒരുക്കിയിട്ടുള്ളത്. സിറ്റി പോലിസ് കമ്മിഷണറും ആറു എസ്പിമാരുമടക്കം 975 പോലിസുകാരെയാണ് സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷയുടെ ഭാഗമായുള്ള ട്രയല്‍ റണ്ണും ഇന്ന് തലസ്ഥാനത്ത് നടന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടാണ് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുന്നത്. പ്രളയ- ശബരിമല വിവാദങ്ങളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പീരങ്കി മൈതാനത്തു മോദി പങ്കെടുക്കുന്ന പ്രവര്‍ത്തക സംഗമം ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണു ബിജെപി. കൊല്ലം, ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കും. 27നു പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നുണ്ട്.

അതേസമയം, ഗതാഗതത്തിനു തുറന്നുകൊടുക്കും മുമ്പേ രാഷ്ട്രീയ വിവാദത്തിനു വഴി തുറന്നിരിക്കുകയാണ് കൊല്ലം ബൈപാസ്. കൊല്ലം ബൈപ്പാസ് വേഗത്തില്‍ പൂര്‍ത്തിയായത് ഇടതുസര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നതിനെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. അതേസമയം ബൈപാസ് നിര്‍മ്മാണത്തിന് കേന്ദ്രത്തില്‍നിന്ന് പണം വാങ്ങുമ്പോള്‍ പ്രധാനമന്ത്രി വരുന്നതെന്തിനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചോദിക്കാറില്ലല്ലോയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞു.


കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെക്കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഭിന്നത വെളിവാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലെ പങ്കിനെക്കുറിച്ചോ പ്രധാനമന്ത്രി ഉത്ഘാടനത്തിന് എത്തുന്നതിനെക്കുറിച്ചോ മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ പങ്കിനെക്കുറിച്ച് വിശദമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്. ബൈപാസ്സിന്റെ 76 ശതമാനം ജോലിയും പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്. 352 കോടിയുടെ പദ്ധതിക്ക് 176 കോടി വീതമാണ് സംസ്ഥാനവും കേന്ദ്രവും നല്‍കേണ്ടത്. ഈ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇഴഞ്ഞുനീങ്ങിയിരുന്ന പദ്ധതിക്ക് ജീവന്‍ നല്‍കി പൂര്‍ത്തായാക്കാനായതില്‍ സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും അഭിമാനമുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി മുന്‍സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനത്തെക്കുറിച്ചും മൗനം പാലിക്കുകയാണ്. 13.5 കിലോ മീറ്റര്‍ നീളമുള്ള ബൈപ്പാസ് നാല് പതിറ്റാണ്ടിലേറെ സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്.

Next Story

RELATED STORIES

Share it