Kerala

മംഗലാപുരത്തെ പോലിസ് വെടിവയ്പ്പ്; കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍, തീവണ്ടിയും ബസും തടഞ്ഞു

മംഗലാപുരത്തെ പോലിസ് വെടിവയ്പ്പ്; കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍, തീവണ്ടിയും ബസും തടഞ്ഞു
X

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗലാപുരത്ത് രണ്ട് പേര്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം. ജില്ലാ ആസ്ഥാനങ്ങളില്‍ യുവജന സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.




തിരുവനന്തപുരത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്പാനൂരില്‍ ട്രെയിന്‍ തടഞ്ഞു. തൃശൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ മുസ് ലിംലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംയുക്തമായ പ്രതിഷേധ പ്രകടനം നടത്തി.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വ്യത്യസ്ത പ്രതിഷേധം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്നാലെയെത്തി റോഡില്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു.

ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരും കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇവര്‍ അമിത് ഷാ യുടെ കോലം കത്തിച്ചു.

കോഴിക്കോട് നിന്ന് പുറപ്പെട്ട കര്‍ണ്ണാടക ബസ് തടഞ്ഞായിരുന്നു കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവര്‍ ഇവിടെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ് ഇരു സംഘടനയുടെയും പ്രവര്‍ത്തകരെ ഇവിടെ നിന്ന് നീക്കി.

ഇതിനിടെ ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ ടയര്‍ കത്തിച്ചു. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

Next Story

RELATED STORIES

Share it