Kerala

ലോക്‌സഭയിലേക്ക് രണ്ടാംസീറ്റ്; ജോസഫ് വിഭാഗത്തിന്റെ അതൃപ്തി തുടരുന്നു

ജോസ് കെ മാണി നയിച്ച കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ രണ്ടാം സീറ്റെന്ന അവകാശവാദം ഉന്നയിക്കാത്ത കേരള കോണ്‍ഗ്രസിന്റെ നിലപാടും ചര്‍ച്ചയായിട്ടുണ്ട്.

ലോക്‌സഭയിലേക്ക് രണ്ടാംസീറ്റ്; ജോസഫ് വിഭാഗത്തിന്റെ അതൃപ്തി തുടരുന്നു
X

തിരുവനന്തപുരം: ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ്-എമ്മില്‍ പി ജെ ജോസഫ് വിഭാഗത്തിന്റെ അതൃപ്തി തുടരുന്നു. നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ കൈവശമുള്ള കോട്ടയത്തിനൊപ്പം മറ്റൊരു സീറ്റൂകൂടി വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. മാണി വിഭാഗത്തിന് പാര്‍ട്ടിയിലുള്ള അപ്രമാധിത്യം തടയുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും മാണി വിഭാഗത്തിന് മാത്രമാണ് പ്രാതിനിധ്യം ലഭിക്കുന്നതെന്നും ഇനിയും ഈ നിലയില്‍ തുടരാനാവില്ലെന്നും ജോസഫ് വിഭാഗം പറയുന്നു. ഇടുക്കി സീറ്റിനു വേണ്ടിയാണ് കേരളാ കോണ്‍ഗ്രസ് ആദ്യം കരുക്കള്‍ നീക്കിയെങ്കിലും നിലവില്‍ ചാലക്കുടി സീറ്റിലാണ് കണ്ണുവച്ചിരിക്കുന്നത്.

പി ജെ ജോസഫ് പ്രഥമ പരിഗണന നല്‍കുന്ന മണ്ഡലമാണ് ചാലക്കുടി. ചാലക്കുടിയുടെ പഴയ മണ്ഡലമായ മുകുന്ദപുരത്ത് കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒരിക്കല്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ട്. സീറ്റിനായി കേരളകോണ്‍ഗ്രസ് രംഗത്ത് വന്നതോടെ സീറ്റിന്റെ അവകാശവാദം ഉറപ്പിച്ചെടുക്കാന്‍ യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസിന് ഏറെ പരിശ്രമിക്കേണ്ടി വരും. അതേസമയം, ചുമരെഴുത്ത് ഉള്‍പ്പടെയുള്ള പ്രചാരണങ്ങള്‍ ആരംഭിച്ച് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലരൂപീകരണത്തിന് ശേഷം 2009ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കെ പി ധനപാലനിലൂടെ യുഡിഎഫിനൊപ്പമായിരുന്നു ചാലക്കുടി. കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെ സിറ്റിങ് എംപിയെ മാറ്റി പി സി ചാക്കോ മല്‍സരത്തിനെത്തിയതോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായ ഇന്നസെന്റിലൂടെ മണ്ഡലം എല്‍ഡിഎഫ് പിടിച്ചു.

ഇത്തവണ കോണ്‍ഗ്രസ് ലേബലില്‍ മല്‍സരിക്കാന്‍ നിരവധിപേരാണ് ചാലക്കുടിയില്‍ രംഗത്തുള്ളത്. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, കെ പി ധനപാലന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് ചാലക്കുടി മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ ടി എന്‍ പ്രതാപന്‍ സ്ഥാനാര്‍ഥിയായാല്‍ സാമുദായിക പരിഗണന മുന്‍നിര്‍ത്തി ചാലക്കുടിയില്‍ ബെന്നി ബഹന്നാന് നറുക്ക് വീഴാനും സാധ്യതയുണ്ട്.

അതേസമയം, ജോസ് കെ മാണി നയിച്ച കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ രണ്ടാം സീറ്റെന്ന അവകാശവാദം ഉന്നയിക്കാത്ത കേരള കോണ്‍ഗ്രസിന്റെ നിലപാടും ചര്‍ച്ചയായിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേരള കോണ്‍ഗ്രസിന്റെ മുന്നണിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. സമ്മേളനത്തില്‍ സംസാരിച്ച കെ എം മാണി ഉള്‍പ്പെടെയുള്ള നേതാക്കളാരും രണ്ടാം സീറ്റെന്ന വാദം പരാമര്‍ശിച്ചില്ല. സമാപന സമ്മേളനത്തില്‍ പി ജെ ജോസഫ് പങ്കെടുത്തതുമില്ല. ഇതില്‍ രാഷ്ട്രീയമില്ലെന്നാണ് ജോസഫ് പറയുന്നതെങ്കിലും വരുംദിവസങ്ങളില്‍ രണ്ടാം സീറ്റിനായി ജോസഫ് വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കും.

Next Story

RELATED STORIES

Share it