Sub Lead

ട്വന്റി- 20 ലോകകപ്പ്; സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യാ-ദക്ഷിണാഫ്രിക്ക അങ്കം

ട്വന്റി- 20 ലോകകപ്പ്; സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യാ-ദക്ഷിണാഫ്രിക്ക അങ്കം
X

അഹമ്മദാബാദ്: പത്താമത് ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ട് റൗണ്ടില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മല്‍സരം ഞായറാഴ്ച രാത്രി ഏഴുമുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. പ്രാഥമിക റൗണ്ടില്‍ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പര്‍ എട്ടിലെത്തിയത്. പാകിസ്താന്‍, നമീബിയ, യു.എസ്, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളെ തോല്‍പ്പിച്ച ഇന്ത്യ പ്രാഥമികറൗണ്ടില്‍ പൂര്‍ണമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ന്യൂസിലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളെ തോല്‍പ്പിച്ച് ഒന്നാംസ്ഥാനക്കാരായത് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തേകും. 2024 ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ പ്രോട്ടീസ് രണ്ടുവര്‍ഷമായി ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയാണ് മുന്നേറുന്നത്.

ട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാമനായ ഓപ്പണര്‍ അഭിഷേക് ശര്‍മ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ പൂജ്യത്തിന് പുറത്തായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു മല്‍സരത്തില്‍നിന്ന് വിട്ടുനിന്ന അഭിഷേക് ലോകകപ്പില്‍ ഇതുവരെ റണ്‍ സ്‌കോര്‍ ചെയ്തിട്ടില്ല. സാങ്കേതികമികവില്ലാത്ത അഭിഷേകിന് സ്പിന്നര്‍മാരെ നേരിടുന്നതില്‍ പരിമിതിയുണ്ട്. ദക്ഷിണാഫ്രിക്കയും ഇതേ ആയുധം പുറത്തെടുക്കുമെന്നുറപ്പ്. ശനിയാഴ്ച പത്രസമ്മേളനത്തില്‍, അഭിഷേകിനുപകരം സഞ്ജു സാംസണെ തിരികെകൊണ്ടുവരുമോയെന്ന ചോദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തള്ളിക്കളഞ്ഞു. വണ്‍ഡൗണ്‍ ബാറ്റര്‍ തിലക് വര്‍മയ്ക്കും വലിയ സ്‌കോര്‍ കണ്ടെത്താനായിട്ടില്ല. തിലകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ടെങ്കിലും ടീമിന്റെ ആവശ്യപ്രകാരമാണ് തിലക് കളിക്കുന്നതെന്ന് സൂര്യകുമാര്‍ വ്യക്തമാക്കി.

ഫിനിഷിങ് റോളില്‍ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ അവസരത്തിനൊത്തുയരുന്നുണ്ട്. നാലു മല്‍സരത്തില്‍ ഒന്‍പതു വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയുടെ മിസ്റ്ററി സ്പിന്‍ എതിരാളികള്‍ക്ക് ഭീഷണിയാണ്. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്ന ജസ്പ്രീത് ബുംറയും തന്റെ റോള്‍ കൃത്യമായി നിര്‍വഹിക്കുന്നു. ക്വിന്റണ്‍ ഡി കോക്ക്, ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ഡിവാള്‍ഡ് ബ്രീവിസ്, ട്രിസ്റ്റ്യന്‍ സ്റ്റബസ്, റയാന്‍ റിക്കിള്‍ട്ടണ്‍, ഡേവിഡ് മില്ലര്‍ എന്നിവരിലൂടെ വളര്‍ന്ന് പേസ് ബൗളര്‍ മാര്‍ക്കോ യാന്‍സന്‍വരെ നീളുന്നു ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര. അവിടെ ഇന്ത്യന്‍ ബൗളിങ്ങിന്റെ ശക്തി തിരിച്ചറിയാനാകും. പേസര്‍ അര്‍ഷ്ദീപ് സിങ്ങിനു പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അക്സര്‍ പട്ടേല്‍ തിരിച്ചെത്തിയാല്‍ വാഷിങ്ടണ്‍ സുന്ദറിന് സ്ഥാനം നഷ്ടമാകും.





Next Story

RELATED STORIES

Share it