Kerala

ടാങ്കര്‍ ലോറിയില്‍ കടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി; വാഹന ഉടമ പിടിയില്‍

പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ വച്ചാണ് പോലിസ് കഞ്ചാവ് പിടികൂടിയത്.പിടികൂടിയ കഞ്ചാവ് ഒഡീഷയില്‍ നിന്ന് ഇടുക്കിയിലേക്ക് കടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

ടാങ്കര്‍ ലോറിയില്‍ കടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി; വാഹന ഉടമ പിടിയില്‍
X

കൊച്ചി: ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയയായിരുന്ന 250 കിലോയോളം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു.ലോറി ഉടമ കൂടിയായ ഡ്രൈവര്‍ പിടിയില്‍. മധുര ഭൂതിപുരം പുതുപ്പാടി സെല്‍വകുമാര്‍ (42) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ വച്ചാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.പിടികൂടിയ കഞ്ചാവ് ഒഡീഷയില്‍ നിന്ന് ഇടുക്കിയിലേക്ക് കടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലാകുന്നത്. അഞ്ച് അറകള്‍ ഉള്ള ലോറിയിലെ ഒരു അറയില്‍ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.


വാഹനത്തില്‍ തവിടെണ്ണയാണെന്നാണ് സെല്‍വന്‍ പോലിസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് അറയില്‍ ഒളിപ്പിച്ച 111 പായ്ക്കറ്റില്‍ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിരുന്നുവെന്ന് പോലിസ് പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലയില്‍ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാള്‍ക്കെന്തെങ്കിലും ബന്ധമുണ്ടായെന്ന് പരിശോധിക്കുകയാണെന്ന് പോലിസ് പറഞ്ഞു. കഞ്ചാവ് പിടികൂടിയ സമയത്ത് സെല്‍വന്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാള്‍ ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന കാര്യം അന്വേഷിച്ചു വരുന്നതായും പോലിസ് പറഞ്ഞു.

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതാദ്യമായാണ് ടാങ്കര്‍ ലോറിയിലുള്ള കഞ്ചാവ് കടത്ത് പിടികൂടുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ എണ്ണൂറു കിലോയോളം കഞ്ചാവാണ് എറണാകുളം റൂറല്‍ പോലിസ് പിടികൂടിയത്. എഎസ്പി അനുജ് പലിവാല്‍, പെരുമ്പാവൂര്‍ എസ്എച്ച്ഒ ആര്‍ രഞ്ജിത്ത്, കുറുപ്പംപടി എസ്എച്ച്ഒ വി എസ് വിപിന്‍, എസ്‌ഐ മാരായ ടി എല്‍ ജയന്‍, റിന്‍സ് എം തോമസ്, റോജി ജോര്‍ജ്, എഎസ്‌ഐ മാരായ അനില്‍കുമാര്‍, ടി പി പുഷ്പാംഗദന്‍, എസ്‌സിപിഒ മാരായ അബ്ദുള്‍ മനാഫ്, സന്ദീപ് കുമാര്‍, അനീഷ് കുര്യാക്കോസ്, സിപിഒ മാരായ സുധീര്‍, അഭിലാഷ്, നിസാര്‍, സെബി ആന്റണി, നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

Next Story

RELATED STORIES

Share it