Sub Lead

മുര്‍ഷിദാബാദില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; കടകള്‍ തകര്‍ത്തു

മുര്‍ഷിദാബാദില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; കടകള്‍ തകര്‍ത്തു
X

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം. വെള്ളിയാഴ്ച നടന്ന ഘോഷയാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ കല്ലേറും കടകള്‍ക്ക് തീവെക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുര്‍ഷിദാബാദിലെ ജാംഗിപൂര്‍, രഘുനാഥ്ഗഞ്ച് മേഖലകളിലാണ് സംഘര്‍ഷമുണ്ടായത്. രഘുനാഥ്ഗഞ്ചിലെ സിസതാലയില്‍ ഘോഷയാത്രയ്ക്കിടെ പാട്ട്വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് പോലിസ് പറഞ്ഞു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന വര്‍ഗീയ സംഘര്‍ഷം ഹിന്ദുത്വര്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വന്‍ പോലിസ് സന്നാഹത്തെയും കേന്ദ്ര സേനയെയും വിന്യസിച്ചു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് റൂട്ട് മാര്‍ച്ച് നടത്തിവരികയാണെന്നും മുര്‍ഷിദാബാദ് ഡിഐജി അജിത് സിങ് യാദവ് അറിയിച്ചു.

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടന്ന ഈ അക്രമം രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജാംഗിപൂര്‍ നഗരസഭാ ചെയര്‍മാന്‍ മുഫീസുല്‍ ഇസ്ലാം ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.



Next Story

RELATED STORIES

Share it