Kerala

കൊവിഡ് പ്രതിരോധം കൂടുതല്‍ കര്‍ശനമാക്കുന്നു; കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ഹെല്‍പ്പ് ഡസ്‌കും പനി പരിശോധനയും

മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി അതത് മേഖലകളിലെ സാഹചര്യംകൂടി കണക്കിലെടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്.

കൊവിഡ് പ്രതിരോധം കൂടുതല്‍ കര്‍ശനമാക്കുന്നു; കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ഹെല്‍പ്പ് ഡസ്‌കും പനി പരിശോധനയും
X

കോട്ടയം: കൊവിഡ് പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളിലെ നിരീക്ഷണസംവിധാനം കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ ചെറുതും വലുതുമായ എല്ലാ മാര്‍ക്കറ്റുകളിലും ഹെല്‍പ്പ് ഡസ്‌ക് തുറക്കുകയും ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചുള്ള പനി പരിശോധനയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ ചുമതല.

സമീപ ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യംകൂടി കണക്കിലെടുത്ത് സമൂഹവ്യാപനം തടയുന്നതിന് ജില്ലയിലെ ജാഗ്രതാസംവിധാനം പരമാവധി ശക്തമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ അനാവശ്യമായി കൂട്ടം കൂടുന്നതും സമ്പര്‍ക്കത്തിനുള്ള സാധ്യതയും ഒഴിവാക്കണം. ഇതിനായി പോലിസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കണം. മല്‍സ്യമാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ചില്ലറവില്‍പ്പന നടത്താന്‍ പാടില്ല.

മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി അതത് മേഖലകളിലെ സാഹചര്യംകൂടി കണക്കിലെടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്. എല്ലാ തദ്ദേശഭരണ സ്ഥാപന പരിധിയിലും രോഗപ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തണം. ഹോം ക്വാറന്റൈല്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ് തല ജാഗ്രതാസമിതികള്‍ അതീവശ്രദ്ധ ചെലുത്തണം- മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട ജില്ലയിലെ സ്ഥിതിവിവരക്കണക്കുകളും തുടര്‍പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ എം അഞ്ജന, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it