Kerala

ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരാവ വിശ്വാസികളുടെ വികാരമാണ് പ്രതിഫലിച്ചത്. എന്നിട്ടും അതില്‍ ഉറച്ച് നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ  കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഈ വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് സിപിഎം പറയുമ്പോള്‍ അതേനിലപാട് തുടരുമെന്ന് സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരാവ വിശ്വാസികളുടെ വികാരമാണ് പ്രതിഫലിച്ചത്. എന്നിട്ടും അതില്‍ ഉറച്ച് നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്നു തലയൂരാനും അതോടൊപ്പം നവോത്ഥാന നായകന്‍ എന്ന ഇമേജ് നിലനിര്‍ത്താനും മുഖ്യമന്ത്രി കളിക്കുന്ന കളിയാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇതു ശുദ്ധ കാപട്യമാണെ് ജനങ്ങളും വിശ്വാസികളും തിരിച്ചറിയുമെന്നും അതുവഴി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ അതേ തിരിച്ചടി വരുന്ന തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ചെയ്തതെല്ലാം ജനങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതായത് പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ കുഴപ്പമല്ല. ജനങ്ങളെ ചിലരൊക്കെ ചേര്‍ന്നു തെറ്റിദ്ധരിപ്പിച്ചതാണെന്ന്. കേരളത്തിലെ ജനങ്ങളെ പിണറായി വിജയന്‍ അങ്ങനെ വിലകുറച്ചു കാണരുതെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയിലെ യുവതീപ്രവേശത്തിന് ഐക്യദാര്‍ഢ്യം തീര്‍ക്കാനാണു സിപിഎമ്മും സര്‍ക്കാരും ചേര്‍ന്നു കേരളമാകെ വനിതാമതില്‍ നിര്‍മിച്ചത്. അതിനു പിറ്റേന്നു തന്നെ രണ്ടു യുവതികളെ അവിടെ കയറ്റിയത് വനിതാമതിലിന്റെ വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ്. മതില്‍ വിജയിപ്പിച്ചുവെന്ന പ്രഖ്യാപനമായിരുന്നു അത്. അതു സ്ഥിരീകരിച്ചു കൊണ്ടു മുഖ്യമന്ത്രി തിരുവനന്തപുരത്തു നടത്തിയ പ്രതികരണവും അദ്ദേഹത്തിന്റെ മുഖത്തു കണ്ട സന്തോഷവും വിശ്വാസസമൂഹവും കേരളത്തിലെ ജനങ്ങളും ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെ പൊളിഞ്ഞതോടെ വിശ്വാസികളെ ഏതുവിധേനയും തിരിച്ചുകൊണ്ടുവരാനുള്ള സര്‍ക്കസാണു സിപിഎം നടത്തുന്നത്. അതിലെ മുഖ്യാഭ്യാസിയുടെ റോളാണു പിണറായി വിജയനുള്ളത്. കോടിയേരി ബാലകൃഷ്ണനും പല വിധത്തിലുള്ള കസര്‍ത്തുകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടെന്നും കഴിഞ്ഞതെല്ലാം മറക്കുന്നവരല്ല കേരളത്തിലുള്ളവര്‍. അവരെ മറവി അത്ര പെട്ടെന്നു ബാധിക്കില്ല. ചെയ്തതു തെറ്റിപ്പോയെന്ന് അന്തസോടെ പറയാന്‍ പാര്‍ട്ടി തയാറല്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തന്നെ മുഖ്യമന്ത്രി അതിനു തയാറാകുകയുമില്ല. ശബരിമലയില്‍ സംഭവിച്ചതെല്ലാം വീഴ്ച്ചയായിപ്പോയെന്നു പിണറായി വിജയന്‍ തുറന്നുപറയാത്തിടത്തോളം കാലം കേരളത്തിലെ എല്ലാ വിഭാഗത്തിലുമുള്ള വിശ്വാസികളും സംശയദൃഷ്ടിയോടെ മാത്രമെ സര്‍ക്കാരിനെയും പാര്‍ട്ടിയേയും കാണൂ. യുഡിഎഫിന്റെ നിലപാട് കാലം ശരിവച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it