India

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സിന് യാതൊരു പങ്കുമില്ല; രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സിന് യാതൊരു പങ്കുമില്ല; രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ
X

ബാഗല്‍കോട്ട്: ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരേ വീണ്ടും ആഞ്ഞടിച്ച് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സിന് യാതൊരു പങ്കുമില്ലെന്നും മഹാത്മാ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പരിശ്രമത്തിന്റെ ഫലമായാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം കൂടുതല്‍ ചോദ്യം ചെയ്തു, 'ഗോഡ്‌സെ (മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്‌സെ) നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നോ. സവര്‍ക്കര്‍ (വീര്‍ സവര്‍ക്കര്‍) രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നോ?' സിദ്ധരാമയ്യ ചോദിച്ചു. ആര്‍എസ്എസ്സില്‍നിന്നോ ബിജെപിയില്‍നിന്നോ ആരെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കുകയോ ജീവന്‍ ബലിയര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടോ ? ബിജെപിയിലെ ആളുകള്‍ക്ക് ചരിത്രമറിയില്ല.

ആര്‍എസ്എസ്സിനെയും ബിജെപിയെയും താലിബാനോട് ഉപമിച്ച തന്റെ മുന്‍ പ്രസ്താവനയെ അദ്ദേഹം ന്യായീകരിച്ചു. മനുഷ്യത്വത്തില്‍ വിശ്വസിക്കാത്തവര്‍ താലിബാനാണെന്നാണ് താന്‍ പറഞ്ഞത്. ബിജെപിക്കും ആര്‍എസ്എസ്സിനും മാനവികതയില്‍ വിശ്വാസമില്ല. അവര്‍ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഭരണഘടനയെ പോലും ബഹുമാനിക്കുന്നില്ല. ഭരണഘടനയുടെ തത്വങ്ങള്‍ക്കനുസൃതമായി അവര്‍ ഭരിക്കാത്തതിനാല്‍ അവരെ താലിബാനികളെന്നും ഹിറ്റ്‌ലറുടെ സംസ്‌കാരമുള്ളവരെന്നും വിളിക്കുന്നു- സിദ്ധരാമയ്യ പറഞ്ഞു.

ആര്‍എസ്എസ് കേഡര്‍മാര്‍ ധരിക്കുന്ന നിക്കറിനെ പരിഹസിച്ച് സിദ്ധരാമയ്യ ഞായറാഴ്ച പ്രസ്താവന നടത്തിയിരുന്നു. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ഭീരുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിദ്ധരാമയ്യയുടെ പ്രസാതവനയ്‌ക്കെതിരേ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ സി ടി രവി രംഗത്തുവന്നു. സിദ്ധരാമയ്യ നുണയനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രായാധിക്യം കാരണം ചില കാര്യങ്ങളില്‍ അയാള്‍ അന്ധനാണ്. അദ്ദേഹത്തിന് ചികില്‍സ ആവശ്യമാണ്. താലിബാന്‍ അധികാരത്തിലുണ്ടെന്ന് കരുതിയിരുന്നെങ്കില്‍, ഈ സമയത്ത് അദ്ദേഹം തൂണില്‍ തൂങ്ങിക്കിടക്കുമായിരുന്നു- എംഎല്‍എ പറഞ്ഞു.

താലിബാനെയും ബിജെപിയെയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 'ചില കാര്യങ്ങള്‍ പറയാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് സിദ്ധരാമയ്യ. കര്‍ണാടകയില്‍ ബിജെപി നടത്തിയ മികച്ച പ്രവര്‍ത്തനം അദ്ദേഹത്തിന് ദഹിക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it