Districts

പി എം ബഷീർ പ്രതിയായ അഴിമതി കേസ് ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതി; ഇടപെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി

അന്വേഷണം പൂർത്തിയാക്കി കേസിൽ ക്രൈം ബ്രാഞ്ചിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ നടപടികളിലേക്ക് മണ്ണാർക്കാട് എസ് സി/എസ്ടി കോടതി കടന്നിട്ടില്ല.

പി എം ബഷീർ പ്രതിയായ അഴിമതി കേസ് ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതി; ഇടപെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി
X

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അം​ഗവും നിലമ്പൂർ ന​ഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി എം ബഷീറിനെതിരായ അഴിമതിക്കേസ് ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതിയിൽ ആഭ്യന്തര വകുപ്പിന് തുടർനടപടിക്ക് വിട്ടതായി അഡീഷണൽ ചീഫ് സെക്രട്ടറി. അട്ടപ്പാടി അ​ഗളിയിലെ ഭൂതിവഴിയൂരിൽ ആദിവാസികളുടെ ഭവനനിർമാണത്തിന്റെ കരാറെടുത്ത് വീട് നിർമ്മിച്ചുനൽകാതെ ഫണ്ട് തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയാണ് പി എം ബഷീർ.‌

അഗളി ഭൂതിവഴിയൂരിലെ കലാമണിയുടേതടക്കം അഞ്ച് പേരുടെ പരാതിയിൻമേലായിരുന്നു അ​ഗളി പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിന്റെ തുടക്കം മുതലേ പോലിസ് ബഷീറിനും മറ്റ് പ്രതികൾക്കും അനുകൂലമായാണ് നീങ്ങിയിരുന്നത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം 3(2)v പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 406, 420 വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരുന്നത്. ഹൈക്കോടതി ഇടപെട്ടായിരുന്നു പരാതി പ്രകാരമുള്ള പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയത്.

പിന്നീട് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. അന്വേഷണം പൂർത്തിയാക്കി കേസിൽ ക്രൈം ബ്രാഞ്ചിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ നടപടികളിലേക്ക് മണ്ണാർക്കാട് എസ് സി/എസ്ടി കോടതി കടന്നിട്ടില്ല. ഇതിനിടയിൽ പരാതിക്കാരിൽ മൂന്ന് പേർ വ്യത്യസ്ത സമയങ്ങളിലായി അസുഖബാധിതരായി മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കലാമണി വിജിലൻസ് ഡയരക്ടർക്ക് പരാതി നൽകിയത്.

വിചാരണ വേ​ഗത്തിലാക്കാൻ നടപടിക്കായി ഹൈക്കോടതിയേയും കലാമണി സമീപിച്ചിട്ടുണ്ട്. 13,62500 രൂപ തട്ടിയതായാണ് പോലിസ് എഫ്‌ഐആറിൽ പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച തുക ലഭിക്കണമെങ്കിൽ ബാങ്ക് അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് പറഞ്ഞു പണം പിൻവലിക്കാനുള്ള ഫോറത്തിൽ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Next Story

RELATED STORIES

Share it