എസ് ഡിപിഐയുടെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്യില്ല: എം കെ ഫൈസി

ബിജെപി രണ്ടാം സ്ഥാനത്ത് വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലും പാര്‍ട്ടി മല്‍സരിക്കുന്നില്ല. ബിജെപിക്കെതിരേയാണ് എല്ലാ കാലത്തും പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടുള്ളത്

എസ് ഡിപിഐയുടെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്യില്ല: എം കെ ഫൈസി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കുന്ന 15 സീറ്റിലും ബിജെപി ജയിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി രണ്ടാം സ്ഥാനത്ത് വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലും പാര്‍ട്ടി മല്‍സരിക്കുന്നില്ല. ബിജെപിക്കെതിരേയാണ് എല്ലാ കാലത്തും പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഫാഷിസത്തിനെതിരേ ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണിയുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. ഇടതുപക്ഷവും മുസ്‌ലിംലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും എല്ലാം സംസ്ഥാനതലത്തിലാണ് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത്. പല സംസ്ഥാനത്തും കോണ്‍ഗ്രസിനെതിരേ സ്വന്തം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമ്പോള്‍ മറ്റു ചില സംഥാനങ്ങളില്‍ അവരുമായി സഖ്യം ചേരുകയോ പിന്തുണക്കുകയോ ചെയ്യുന്നു. മോദിയെ താഴെയിറക്കി മതേതര സര്‍ക്കാര്‍ എന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്. മുസ്‌ലിംലീഗ് രാജ്യത്തെ ന്യൂനപക്ഷ പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ സമീപിക്കുന്നില്ല. മുത്ത്വലാക്ക് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഏകോപിപ്പിച്ചെന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. സാമ്പത്തിക സംവരണ വിഷയത്തില്‍പോലും കോണ്‍ഗ്രസ്സിനെ കുഞ്ഞാലിക്കുട്ടിക്ക് കൂടെ നിര്‍ത്താനായില്ല. മുഖ്യധാരാ പാര്‍ട്ടികളുടെ ഫാഷിസ്റ്റ് വിരോധം സത്യസന്ധമാണെങ്കില്‍ പത്തനംതിട്ടയിലും തിരുവന്തപുരത്തും വര്‍ഗീയവാദികള്‍ ജയിക്കാതിരിക്കാന്‍ പരസ്പരം സഹകരിക്കണം. മോദിയെ താഴെയിറക്കി മതേതര ഇന്ത്യയെ തിരിച്ചുപിടിക്കുകയാണ് പ്രധാന ഉത്തരവാദിത്വം. മോദി ഭരണം ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും പിന്നോട്ടടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. കെ പി ഒ റഹ്മത്തുല്ല, എന്‍ വി മുഹമ്മദലി സംസാരിച്ചു. എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫും എം കെ ഫൈസിയോടൊപ്പം ഉണ്ടായിരുന്നു.BSR

BSR

Thejas News Contributors help bring you the latest news around you.


RELATED STORIES

Share it
Top