Loksabha Election 2019

ഇഞ്ചോടിഞ്ച്; കണ്ണൂരില്‍ തീപാറും പ്രചാരണം

ഇഞ്ചോടിഞ്ച്; കണ്ണൂരില്‍ തീപാറും പ്രചാരണം
X

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഒരേയൊരു കാര്യമാണ്, കണ്ണൊന്നു തെറ്റിയാല്‍ കണ്ണൂര്‍ കൈവിട്ടുപോവും. ഇക്കുറിയും അതിനു വ്യത്യാസമൊന്നുമില്ല. ദിവസം കഴിയുന്തോറും ഇരുമുന്നണികളും തീപാറും പ്രചാരണത്തിലാണ്. കൊടുംവേനലില്‍ വിശ്രമിക്കാന്‍ പോലും മനസ്സ് അനുവദിക്കാത്ത വിധം ആശങ്കയിലാണ് മുന്നണികള്‍. എസ്ഡിപിഐയാവട്ടെ, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വന്‍തോതില്‍ വോട്ട് വര്‍ധിപ്പിക്കാനാവുമെന്ന് ഉറപ്പിച്ചുപറയുന്നു. കാരണം മറ്റൊന്നുമല്ല, ഇരുമുന്നണികളുടെയും വാഗ്ദാനങ്ങള്‍ കേട്ടുമടുത്ത വോട്ടര്‍മാര്‍ യഥാര്‍ഥ ബദല്‍ എന്ന ആശയത്തിനു മികച്ച സ്വീകാര്യതയാണു നല്‍കുന്നത് എന്നതു തന്നെ. ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്ന സി കെ പത്മനാഭനു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ പോലും ആളില്ലാതിരുന്നതിനാല്‍ ഇപ്പോള്‍ ആര്‍എസ്എസ് നേരിട്ടാണ് നേതൃത്വം നല്‍കുന്നത്.



സ്ഥാനാര്‍ഥികളുടെ മുഖം മാറിയില്ല

മാറിയും മറിഞ്ഞും ഇടത്-വലത് സാരഥികളെ ലോക്‌സഭയിലേക്ക് അയക്കുന്ന കണ്ണൂരില്‍ ഇക്കുറി സ്ഥാനാര്‍ഥികളില്‍ കാര്യമായ മാറ്റമില്ല. യുഡിഎഫിനു വേണ്ടി കെ സുധാകരനും എല്‍ഡിഎഫിനു വേണ്ടി സിറ്റിങ് എംപി പി കെ ശ്രീമതിയും എസ്ഡിപി ഐയ്്ക്കു വേണ്ടി കെ കെ അബ്്ദുല്‍ ജബ്ബാറും തന്നെയാണ് കഴിഞ്ഞ തവണയും അങ്കത്തിനിറങ്ങിയത്. ബിജെപി പി സി മോഹനനു പകരം സി കെ പത്മനാഭനെ ഇറക്കിയിട്ടുണ്ട്. പതിവുപോലെ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. എന്നാല്‍, ഒട്ടും പിന്നിലല്ല ഞങ്ങളെന്ന് തെളിയിച്ച് സുധാകരനും മണ്ഡലത്തിന്റെ മുക്കുമൂലകളിലേക്ക് ഓടുകയാണ്. 5 വര്‍ഷം കൊണ്ട് 2103 കോടിയുടെ വികസനം നടപ്പാക്കിയെന്ന അവകാശവാദമാണ് ശ്രീമതി പ്രധാനമായും ഉന്നയിക്കുന്നത്. മണ്ഡലത്തിലെ എല്ലായിടത്തും ശ്രീമതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വികസന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന കൂറ്റന്‍ ബോര്‍ഡുകളാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍, എതിരാളി കെ സുധാകരനെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന പ്രചാരണം ഏശുന്നുവെന്നാണ് എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍. സുധാകരന്‍ ബിജെപിയിലേക്ക് പോവും എന്നാണ് തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ സിപിഎം പ്രചാരണം. അമിത്ഷായുടെ ദൂതന്‍ തന്നെ വന്നുകണ്ട് ചര്‍ച്ച നടത്തിയിരുന്നുവെന്ന് സുധാകരന്‍ സമ്മതിക്കുന്ന ചാനല്‍ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിം വോട്ടുകള്‍ ഏറെയുള്ള മണ്ഡലത്തില്‍ ഇത് തിരിച്ചടിയാവുമെന്ന് കണ്ടാണ് കോണ്‍ഗ്രസ് പുതിയ വീഡിയോ പരസ്യം പുറത്തിറക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോയില്‍ സുധാകരനെ അവിശ്വസിക്കേണ്ടതില്ലെന്ന സന്ദേശമാണ് നല്‍കുന്നതെങ്കിലും സിപിഎമ്മും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരും അതിനെ ഗതികേടായാണു വിലയിരുത്തിയത്. ഒടുവില്‍ തിരിച്ചടിയാവുമോയെന്നു ഭയന്ന് യുഡിഎഫ് ക്യാംപ് തന്നെ വീഡിയോ പ്രചരിപ്പിക്കേണ്ടെന്നു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.




സംവരണം, മുത്തലാഖ്, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങളില്‍ ഇരുമുന്നണികളും സ്വീകരിക്കുന്ന ഇരട്ടമുഖം തുറന്നുകാട്ടിയാണ് എസ്ഡിപിഐ വോട്ട് തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരേ തൊലിപ്പുറത്തെ ചികില്‍സയല്ല, യഥാര്‍ഥ ബദലാണ് വേണ്ടതെന്ന കെ കെ അബ്്ദുല്‍ജബ്ബാറിന്റെ പ്രചാരണത്തിന് ജനങ്ങളില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി പാര്‍ട്ടിക്ക് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി സി കെ പത്മനാഭന്റെ പ്രചാരണം ഒരുഘട്ടത്തില്‍ ആളില്ലാത്തതിനാല്‍ ആര്‍എസ്എസ് ഇടപെടുന്നതിലേക്കു വരെ എത്തിയിരുന്നു. ഇത് ശബരിമല വിഷയത്തിലടക്കം സംഘപരിവാരത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച സുധാകരനു വേണ്ടി വോട്ട് മറിക്കാനാണെന്ന ആക്ഷേപം ശക്തമാക്കിയിട്ടുണ്ട്.




ആത്മവിശ്വാസം കൈവിടാതെ

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പരിധിയില്‍ നിന്നു ലഭിച്ച ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍. പി ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായതോടെ പ്രധാന പ്രവര്‍ത്തകര്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് പുതുതായി ചുമതലയേറ്റ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അണികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്നുണ്ട്.


ചാനലുകള്‍ പുറത്തുവിട്ട സര്‍വേകളില്‍ കണ്ണൂരില്‍ ഇക്കുറി സുധാകരന്‍ ജയിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ഇത് യുഡിഎഫ് ക്യാംപില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാലും കള്ളവോട്ടിലൂടെ സിപിഎം തന്നെ തോല്‍പിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പുള്ള സുധാകരന്‍ അത് തടയാന്‍ ആവശ്യമായ നടപടികളും കൈക്കൊള്ളുന്നുണ്ട്. കഴിഞ്ഞ തവണ കണ്ണൂരിലും നിയമസഭയില്‍ ഉദുമയിലും തോറ്റ സുധാകരന് ഒരു തോല്‍വി കൂടി സഹിക്കാനാവില്ല.

സാധാരണയായി തിരഞ്ഞെടുപ്പ് ആരവം തുടങ്ങുമ്പോഴേക്കും കണ്ണൂരില്‍ നിന്നു സംഘര്‍ഷവാര്‍ത്തകളാണു വരാറുള്ളത്. ഇത്തവണ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കെ സുധാകരന്റെ പ്രചാരണ വാഹനം തടഞ്ഞതായി പരാതിയുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമൊഴിവാക്കാന്‍ പോലിസും ജില്ലാഭരണകൂടവും കിണഞ്ഞുശ്രമിക്കുന്നുണ്ട്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇക്കുറി മികച്ച പോളിങ് നടക്കുമെന്നുറപ്പ്. ചുട്ടുപൊള്ളുന്ന വേനലിനെ പോലും കാര്യമാക്കാതെയാണ് സ്ഥാനാര്‍ഥി പര്യടനം പുരോഗമിക്കുന്നത്. പി കെ ശ്രീമതിയുടെ ബുധനാഴ്ചത്തെ പര്യടനം മലയോരമേഖലയായ പേരാവൂരിലായിരുന്നു. സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള പ്രദേശങ്ങളിലെല്ലാം മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ആട്ട്യലം, വട്ടക്കയം, നടുവനാട്, പുന്നാട്, വികാസ് നഗര്‍ എന്നിവിടങ്ങളിലെല്ലാം വൃദ്ധരും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ നാട്ടുല്‍സവത്തിന്റെ പ്രതീതി സൃഷ്ടിച്ചാണ് ശ്രീമതിയെ സ്വീകരിച്ചത്. എകെ ആന്റണി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങി മുന്‍നിര നേതാക്കളെയെല്ലാം കണ്ണൂരിലെത്തിച്ചാണ് സുധാകരന്‍ തിരഞ്ഞെടുപ്പ് യുദ്ധം നയിക്കുന്നത്. രാഹുല്‍ ഗാന്ധിയും എത്തുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. അതേസമയം, കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ സുധാകരന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി മാറ്റിവച്ചിരുന്നു. ഓട്ടോറിക്ഷ ചിഹ്നത്തില്‍ ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ ജബ്ബാറിനു വേണ്ടിയുള്ള ഗൃഹസമ്പര്‍ക്കം രണ്ടാംഘട്ടത്തിലേക്കു പ്രവേശിച്ചു. ഏതായാലും മുന്‍കാലങ്ങളിലെന്ന പോലെ ഇക്കുറിയും തിരഞ്ഞെടുപ്പ് ചൂട് കണ്ണൂരില്‍ മാനത്തോളം ഉയരുമെന്നതില്‍ സംശയമില്ല.


Next Story

RELATED STORIES

Share it