Sub Lead

തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
X

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയില്‍ വെച്ച് വിപണിയില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം മൂന്ന് പേരെ പോലിസ് പിടികൂടി. ചേലമ്പ്ര കൊളക്കാട്ട് ചാലി സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകന്‍ ജാസിറിന്റെ സുഹൃത്ത് ചേലേമ്പ്ര സ്വദേശി കവലക്കണ്ടി സലാവുദ്ദീന്‍ (28) എന്നിവരെയാണ് തേഞ്ഞിപ്പാലം പോലിസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 1.16 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തേഞ്ഞിപ്പലം പോലിസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഇതിനുപുറമേ വീട്ടില്‍ സൂക്ഷിച്ചിരുന്ന 21 ലക്ഷത്തോളം രൂപ, അഞ്ച് ഇലക്ട്രിക് ത്രാസുകള്‍, വാക്കിടോക്കി, ഗ്യാസ് ബര്‍ണര്‍ എന്നിവയും പിടിച്ചെടുത്തു.

ജാസിറും കുടുംബവും കുറച്ചുകാലമായി സര്‍വകലാശാല പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി കാര്‍ത്തിക് ബാലകുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സിബി, തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, സബ് ഇന്‍സ്പെക്ടര്‍മാരായ സത്യജിത്ത്, ജസ്റ്റിന്‍ എന്നിവരും ഡാന്‍സാഫ് സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്‌മണ്യന്‍, അഭിലാഷ്, തേഞ്ഞിപ്പലം സ്റ്റേഷനിലെ എസ്ഐ സജീവ്, എഎസ്ഐ ഗീത, എസ്സിപിഒ സംഗീത, അജിത്, അബ്ദുല്ല ബാബു, ഋഷികേശ്, അമര്‍നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. സംഭവത്തില്‍ പ്രതികളുടെ മകന്‍ 'പുള്ളി ജാസിര്‍' എന്നറിയപ്പെടുന്ന ജാസിര്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. വലിയ തോതില്‍ മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it