Latest News

വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിക്കല്‍: കര്‍ണാടക നിയമം കൊണ്ടുവരുമെന്ന് ബിജെപി നേതാവ്

വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിക്കല്‍: കര്‍ണാടക നിയമം കൊണ്ടുവരുമെന്ന് ബിജെപി നേതാവ്
X

ബെംഗളുരു: വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി രവി. 'അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കാനുള്ള നിയമം കൊണ്ടുവരും. 'ജിഹാദി'കള്‍ ഞങ്ങളുടെ സഹോദരിമാരുടെ ആത്മാഭിമാനം തകര്‍ക്കുന്നതിനോട് ഇനിയും മൗനം പാലിക്കാനാവില്ല. മതപരിവര്‍ത്തിന്റെ ഭാഗമാകുന്നവര്‍ വേഗത്തിലുള്ളതും കര്‍ശനവുമായ നടപടി നേരിടേണ്ടിവരും' എന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സി ടി രവി ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നത്.

വിവാഹം കഴിക്കാന്‍ വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം പോലിസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ദമ്പതികളുടെ പരാതിയിലാണ് കോടതി നിരീക്ഷണം. യുവതി മുസ് ലിമാണെന്നും വിവാഹത്തിന് ഒരു മാസം മുമ്പാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നും നിരീക്ഷിച്ച അലഹബാദ് ഹൈക്കോടതി ഹരജി തള്ളിയിരുന്നു. നിയമനിര്‍മാണം സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കുന്നതിന് മുമ്പ് ഉത്തര്‍പ്രദേശില്‍ നിര്‍ദേശിക്കുന്ന സമാനമായ നിയമനിര്‍മണം സംസ്ഥാനം പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി അശ്വത് നാരായണന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ ഇല്ലെന്നു രേഖാമൂലം വ്യക്തമാക്കിയ 'ലൗ ജിഹാദി'ന്റെ പേരില്‍ സംഘപരിവാരം മുസ് ലിംകള്‍ക്കെതിരേയും ഇതരമതസ്ഥര്‍ തമ്മിലുള്ള വിവാഹത്തെയും കുപ്രചാരണങ്ങളിലൂടെയാണ് നേരിടുന്നത്.

Karnataka to enact law against religious conversion for marriage: BJP Gen Secy




Next Story

RELATED STORIES

Share it