Latest News

കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് തിരിച്ചുപോയ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് തിരിച്ചുപോയ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

പാറ്റ്‌ന: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് തിരിച്ചുപോയ നാല് കുടിയേറ്റത്തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 219 സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്ന് 4 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അത് ഏകദേശം 1.8 ശതമാനം വരും. കേരളത്തിന്റെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരണ നിരക്കിനേക്കാള്‍ അല്‍പ്പം ഉയര്‍ന്നതാണ് ഇത്. കേരളത്തില്‍ ഇത് 1.33 ശതമാനമാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്താണ് ഇക്കാര്യം.

കേരളത്തില്‍ നിന്ന് എത്തിയ എല്ലാ തൊഴിലാളികളെയും അന്നു മുതല്‍ ക്വാറന്റീനില്‍ വച്ചിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഇവിടെ നിന്ന് പോകുമ്പോള്‍ തന്നെ കൊവിഡ് ബാധയുണ്ടായിരുന്നു എന്നതിലേക്കാണ് സംശയം നീളുന്നത്. ഇപ്പോള്‍ ഇവരെ എവിടെയാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇവര്‍ എവിടെനിന്ന് പോയവരാണെന്ന കാര്യത്തിലും വ്യക്തതയില്ല.

കഴിഞ്ഞ മെയ് നാലിന് മാവേലിക്കരയില്‍ താമസിച്ചിരുന്ന 1140 പേരെ ആലപ്പുഴ റയില്‍വേസ്റ്റേഷനില്‍ നിന്ന് ബിഹാറിലെ കത്തിഹാറിലേക്ക് കൊണ്ടുപോയിരുന്നു. മെയ് 7 ന് കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 1,189 പേരെയും കത്തിഹാറിലേക്ക് പ്രത്യേക ട്രയിനില്‍ അയച്ചു. മലപ്പുറം ജില്ലയില്‍ നിന്ന് മറ്റൊരു 1140 പേരെ ധനാപൂരിലേക്കും അയച്ചു.

ബിഹാറില്‍ നിലവില്‍ കണ്ടെത്തിയ രോഗികള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് പോയ ആയിരക്കണക്കിനു പേരില്‍ എത്ര പേര്‍ക്ക് കൊവിഡ് ബാധയുണ്ടായിരുന്നുവെന്നതിനെ കുറിച്ച് വ്യക്തതയില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവരിലെ ഇത്തരം കണക്കുകളും ലഭ്യമല്ല. കേരളത്തില്‍ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ സാന്നിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it