Kasaragod

കാസര്‍കോട് ജില്ലയിലെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

പ്രതിദിനം 55 വാര്‍ഡുകളില്‍ കൊവിഡ് പരിശോധന

കാസര്‍കോട് ജില്ലയിലെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു
X

കാസര്‍കോട്: കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം ജില്ലയിലെ 55 വാര്‍ഡുകള്‍ വീതം തിരഞ്ഞെടുത്ത് ഒരോ വാര്‍ഡിലെയും 75 പേരെ വീതം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലയില്‍ ആകെ 777 വാര്‍ഡുകളാണുള്ളത്. 14 ദിവസത്തില്‍ ഒരിക്കല്‍ വീണ്ടും പരിശോധന നടത്തും. ഇത്തരത്തില്‍ ദിവസവും 4125 കൊവിഡ് പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ജില്ല ഇപ്പോഴും സുരക്ഷിതമായിട്ടില്ലെന്നും ജനങ്ങള്‍ അനാവശ്യയാത്രകള്‍ പൂര്‍ണമായി ഒഴിവാക്കുകയും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതു പോലെ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറ്റങ്ങളില്ലാതെ തുടരുകയാണെന്നും കലക്ടര്‍ പറഞ്ഞു.

സര്‍ക്കാര്‍ അംഗീകൃത കടവുകളില്‍ നിന്നു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മണല്‍ വാരാന്‍ തൊഴിലാളികള്‍ക്ക് അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. അതിഥി തൊഴിലാളികള്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭക്ഷ്യക്കിറ്റ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. വിവിധ വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി. മെയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഈ ആഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും. 18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഊര്‍ജിതമായി നടത്തും.

ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പോലിസ് നിരീക്ഷണം കര്‍ശനമാക്കിയതായി ജില്ലാ പോലിസ് മേധാവി പി ബി രാജീവ് പറഞ്ഞു. 72 ചെക്ക് പോയിന്റുകളിലായി പോലിസ് പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങളിലും കടകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും നിയമ ലംഘകര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും എസ് പി പറഞ്ഞു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. എഡിഎം എസ് അതുല്‍ നാഥ്, സബ് കലക്ടര്‍ ഡി ആര്‍ മേഘശ്രീ, ഡിഎംഒ കെ ആര്‍ രാജന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ വി രാംദാസ്, ജില്ലാ സപ്ലൈ ഓഫിസര്‍ കെ എന്‍ ബിന്ദു, ഫിനാന്‍സ് ഓഫിസര്‍ കെ സതീശന്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ മീനാറാണി, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ഷീബാ മുംതാസ്, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സി എ ബിന്ദു, മറ്റ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

Covid inspections in Kasargod district


Next Story

RELATED STORIES

Share it