Latest News

ജ്യോല്‍സ്യനെ വിശ്വസിച്ച് ഐടി ഉദ്യോഗസ്ഥന് നഷ്ടമായത് 31 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

ജ്യോല്‍സ്യനെ വിശ്വസിച്ച് ഐടി ഉദ്യോഗസ്ഥന് നഷ്ടമായത് 31 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍
X

ബെംഗളൂരു: ജ്യോല്‍സ്യനെ വിശ്വസിച്ച് ഐടി ഉദ്യോഗസ്ഥന് നഷ്ടമായത് 31 ലക്ഷം രൂപയുടെ സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍. ആദായനികുതി വകുപ്പിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ 55കാരനായ വി സത്യനാരായണനാണ് തട്ടിപ്പിന് ഇരയായത്. ജോലിയില്‍ സ്ഥാനക്കയറ്റവും ജീവിതത്തില്‍ ഭാഗ്യവും വര്‍ധിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാളെ പ്രതി വലയിലാക്കിയത്.

2025 ഡിസംബറില്‍ ഭാരതിനഗറിലെ ശ്രീ സര്‍ക്കിളിനടുത്തുള്ള സെന്റ് ജോണ്‍സ് റോഡിന് സമീപം വഴിയരികില്‍ തത്തയുമായി കൈനോട്ടം പറയുന്ന ശേഖര്‍ എന്നയാളെ സത്യനാരായണന്‍ കണ്ടുമുട്ടുകയായിരുന്നു. മുഖം നോക്കി ജീവിതത്തില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്നും അത് മാറാന്‍ പ്രത്യേക പൂജകള്‍ നടത്തേണ്ടതുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ ആദ്യം 50,000 രൂപ വാങ്ങിയത്. പൂജകള്‍ നടത്തിയതായി അറിയിച്ച ശേഖര്‍, സ്ഥാനക്കയറ്റം ലഭിക്കാന്‍ കൂടുതല്‍ ശക്തമായ ചടങ്ങുകള്‍ വേണമെന്നും അറിയിച്ചു. ഇതിനായി വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സത്യനാരായണന്‍ വീട്ടിലുണ്ടായിരുന്ന 194 ഗ്രാം സ്വര്‍ണവും 1.3 കിലോ വെള്ളിയാഭരണങ്ങളും പ്രതിക്ക് കൈമാറി. ഏകദേശം 31 ലക്ഷം രൂപയുടെ വസ്തുക്കളാണ് ഇയാള്‍ കൈമാറിയത്.

ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒരു ദിവസത്തിനകം ആഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പ്രതി ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് ഒരാഴ്ചയോളം അത് നല്‍കാതെ നീട്ടി. കൂടാതെ കുടുംബത്തിന് ദോഷം സംഭവിക്കാമെന്ന ഭീഷണിയും ഇയാള്‍ മുഴക്കി. തട്ടിപ്പിന് ഇരയായെന്ന് മനസിലായതോടെ സത്യനാരായണന്‍ പോലിസിന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it