Latest News

അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ നാളെയും മറ്റന്നാളുമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുകയും മരച്ചുവട്ടില്‍ അഭയം തേടാതിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജലാശയങ്ങളില്‍ ഇറങ്ങുകയോ മല്‍സ്യബന്ധനം നടത്തുകയോ ചെയ്യരുത്. ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മിന്നലേറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമാണെന്നും പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it