Big stories

കശ്മീരി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ: ഭരണകൂടം ഭീഷണിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു-ആംനസ്റ്റി

'മാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് യുഎപിഎ ദുരുപയോഗം ചെയ്യുകയാണ്.അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് നടക്കുന്നത്'. അവിനാശ് കുമാര്‍ പറഞ്ഞു.

കശ്മീരി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ:  ഭരണകൂടം ഭീഷണിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു-ആംനസ്റ്റി
X

ന്യൂഡല്‍ഹി: ഹിന്ദു റിപ്പോര്‍ട്ടര്‍ പീര്‍സദ ആശിഖിനെതിരെയും യുവ ഫോട്ടോ ജേര്‍ണലിസ്റ്റ് മസ്‌റത് സഹറക്കെതിരെയും ജമ്മു കശ്മീര്‍ പോലിസ് യുഎപിഎ ചുമത്തിയ നടപടിയെ ശക്തമായി അപലപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍. കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്ത് മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു. 'മാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് യുഎപിഎ ദുരുപയോഗം ചെയ്യുകയാണ്.അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് നടക്കുന്നത്'. അവിനാശ് കുമാര്‍ പറഞ്ഞു.

യുഎപിഎ പോലുള്ള കരി നിയമങ്ങള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാനുള്ള നടപടികളെ ദുര്‍ബലപ്പെടുത്തുന്നതാണ്. രാജ്യത്ത് ഭീഷണിയുടേയും ഭയത്തിന്റെയും അന്തരീക്ഷമാണ് ഭരണകൂടം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീരിലെ മാധ്യമപ്രവര്‍ത്തകരെ പോലിസ് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയും ഹാജരാകാന്‍ നിര്‍ബന്ധിക്കുകയുമാണ്. പീര്‍സാദ ആശിക്കിന്റെ കാര്യത്തില്‍, 40 കിലോമീറ്റര്‍ സഞ്ചരിച്ച് ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. '2019 ഓഗസ്റ്റ് മുതല്‍ എന്നെ പോലിസ് വിളിച്ചുവരുത്തിയ രണ്ടാമത്തെ സംഭവമാണിത്. ഇത്തവണ ഞാന്‍ ചെയ്ത രണ്ട് സ്റ്റോറികളെ കുറിച്ച് അന്വേഷിക്കാനാണ് പോലിസ് വിളിച്ചുവരുത്തിയത്. ഒന്ന് കൊവിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ കശ്മീരില്‍ നിന്ന് ജമ്മുവിലേക്ക് മാറ്റിയത് സംബന്ധിച്ചും മറ്റൊന്ന് തെക്കന്‍ കശ്മീരില്‍ രണ്ട് സായുധരെ കൊന്നത് സംബന്ധിച്ചുമുള്ള സ്‌റ്റോറികളെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു.

'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു' എന്നാരോപിച്ചാണ്കശ്മീരി ഫോട്ടോ ജേണലിസ്റ്റ് മസ്‌റത് സഹ്‌റയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. യുദ്ധ ബാധിത പ്രദേശങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും കുറിച്ചാണ് മസ്‌റത് സഹ്‌റയുടെ ഫോട്ടോഗ്രഫി സംസാരിക്കുന്നത്. 'സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ മസ്‌ററത് സഹ്‌റയുടെ ഈ ഫോട്ടോകള്‍ ക്രമസമാധാനം തകര്‍ക്കാന്‍ പൊതുജനത്തെ പ്രകോപിപ്പിക്കുന്നവയാണ്' എന്ന് ഏപ്രില്‍ 18ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പോലിസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മുന്‍ കാലങ്ങളില്‍ പകര്‍ത്തിയ ഫോട്ടോകളാണ് മസ്‌റത് സഹററ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഒരു ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റ് എന്ന നിലയില്‍ മസ്‌റത്തിന്റെ ചിത്രങ്ങള്‍ മുമ്പ് അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ ജസീറ, ഇന്ത്യന്‍ മാധ്യമങ്ങളായ ക്വിന്റ്, കാരവന്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരായ എല്ലാ നടപടികളും ഇന്ത്യാ ഗവണ്‍മെന്റ് പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ നിരീക്ഷണ സമിതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it