Top

"പോലിസ് അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കുന്നോ"?; പോലിസിനെ കടന്നാക്രമിച്ച് കര്‍ണാടക ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും മുസ്ലിം സമുദായത്തിലുള്ളവരാണ് എന്നതുകൊണ്ടും മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്‌തെന്നും കോടതി കുറ്റപ്പെടുത്തി.

"പോലിസ് അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കുന്നോ"?; പോലിസിനെ കടന്നാക്രമിച്ച് കര്‍ണാടക ഹൈക്കോടതി

ബെംഗളുരു: പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ മംഗളുരുവില്‍ വെടിവെയ്പ് നടത്തിയ കര്‍ണാടക പോലിസിനെ രൂക്ഷ വിമര്‍ശനമുന്നയിച്ച്് കര്‍ണാടക ഹൈക്കോടതി. പോലിസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി പോലിസിന്റെ അതിക്രമം മറയ്ക്കാന്‍ നിരപരാധികള്‍ക്കെതിരേ കള്ളക്കേസ് എടുക്കുകയാണോയെന്നും ചോദിച്ചു.

സിഎഎ വിരുദ്ധപ്രക്ഷോഭത്തിനിടെ കലാപത്തിന് ശ്രമിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ആരോപിച്ച് മംഗളുരു പോലിസ് അറസ്റ്റ് ചെയ്ത മുഴുവന്‍ പേര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി. അന്വേഷണം ഏകപക്ഷീയമാണെന്നും പ്രതിചേര്‍ത്തവര്‍ക്കെതിരെ തെളിവുകളില്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായവര്‍ക്കെതിരേ കള്ളത്തെളിവുകള്‍ ചമയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നതിന് തെളിവുണ്ടെന്നും ഇതിലൂടെ നിരപരാധികളുടെ സ്വാതന്ത്ര്യമാണ് നിങ്ങള്‍ ഇല്ലാതാക്കിയതെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.അറസ്റ്റിലായവര്‍ക്ക് എതിരെ മുമ്പും ക്രിമിനല്‍ കേസുകളുണ്ടായിരുന്നോ എന്നതല്ല, ഇപ്പോള്‍ ഇവിടെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് പങ്കുണ്ടോ എന്നതിന് കൃത്യവും പ്രത്യക്ഷവുമായ ഒരു തെളിവും ഇവിടെ ഹാജരാക്കപ്പെട്ടിട്ടില്ലെന്നും ഈ അന്വേഷണം ദുരുദ്ദേശപരവും ഏകപക്ഷീയവുമാണെന്നും കോടതി ആഞ്ഞടിച്ചു.

രണ്ട് പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതടക്കമുള്ള കുറ്റങ്ങള്‍ ഈ അറസ്റ്റിലായ 21 പേര്‍ക്കുമെതിരെ ചുമത്തിയതില്‍ത്തന്നെ കുറ്റം ഇവരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള പോലിസിന്റെ അമിതതാത്പര്യം വ്യക്തമാണ്.നിരവധിപ്പേര്‍ തടിച്ച് കൂടിയ കലാപസമാനമായ ഒരു അന്തരീക്ഷം. അവിടെ ചില കുറ്റങ്ങള്‍ ചുമത്തി ചിലരെ മാത്രം അറസ്റ്റ് ചെയ്‌തെങ്കില്‍ അവരില്‍ ഓരോരുത്തര്‍ക്കും എതിരെ ചുമത്തപ്പെട്ട കുറ്റങ്ങളെന്തെന്ന് കൃത്യമായി വ്യക്തമാക്കാനുള്ള ചുമതല പോലീസിനുണ്ട്. ഇവിടെ അങ്ങനെയൊന്നുണ്ടായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും മുസ്ലിം സമുദായത്തിലുള്ളവരാണ് എന്നതുകൊണ്ടും മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്‌തെന്നും കോടതി കുറ്റപ്പെടുത്തി.

സിഎഎയെ എതിര്‍ത്തതുകൊണ്ടുമാത്രം നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സമരത്തില്‍ പങ്കെടുത്തവര്‍ ആയുധങ്ങള്‍ കൈയ്യില്‍ വെച്ചുവെന്നതിന് തെളിവില്ലായെന്നും നിരീക്ഷിച്ചു. സമരത്തില്‍ പങ്കെടുത്ത ജനങ്ങളെ പോലിസുകാര്‍ ആക്രമിക്കുന്നത് ഫോട്ടോകളില്‍ നിന്ന് വ്യക്തമാണെന്നും പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ പരാതിയില്‍ എന്തുകൊണ്ടാണ് പോലിസ് കേസെടുക്കാത്തത് എന്നും കോടതി ചോദിച്ചു.

തെളിവായി പൊലീസ് നല്‍കിയ ഫോട്ടോകളും സിസിടിവി ഫൂട്ടേജുകളും കോടതി പരിശോധിച്ചു. ഇതിലെവിടെയും ഒരു തോക്കുമായി ആരും നില്‍ക്കുന്നത് കണ്ടില്ലെന്ന് കോടതി പറയുന്നു. കയ്യിലൊരു കുപ്പിയുമായി ഒരാള്‍ നില്‍ക്കുന്നത് മാത്രമാണ് ഫോട്ടോയില്‍ ഉള്ളത്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് വേണ്ടി അഭിഭാഷകര്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍, പോലിസ് തന്നെ ആള്‍ക്കൂട്ടത്തിന് നേരെ കല്ലെറിയുന്നത് കാണാം കോടതി പറഞ്ഞു.

കലാപം അഴിച്ചുവിടല്‍, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മംഗളുരു പോലിസ് 21 പേരെ അറസ്റ്റ് ചെയ്തത്.ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരെല്ലാം. ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് ജോണ്‍ മൈക്കല്‍ കുന്‍ഹയാണ് പോലിസിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

സോപാധിക ജാമ്യമാണ് അറസ്റ്റിലായവര്‍ക്ക് കോടതി നല്‍കിയിരിക്കുന്നത്. ഓരോരുത്തരും ഒരു ലക്ഷം രൂപ ബോണ്ടും, രണ്ട് ഷുവര്‍ട്ടിയും ഹാജരാക്കണം. എപ്പോള്‍, വിളിച്ചാലും വിചാരണയ്ക്ക് ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, ഇനി മേലാല്‍ ഇത്തരം സംഭവങ്ങളില്‍ പങ്കാളികളാകരുത്, വിചാരണക്കോടതിയുടെ പരിധി വിട്ട് പോകരുത് എന്നിവയാണ് ജാമ്യ ഉപാധികള്‍.

ഡിസംബര്‍ 19ന്് മംഗളുരുവില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനു നേരെ പോലിസ് നടത്തിയ വെടിയപില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം, പോലിസ് മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും സ്ഥലത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും 48 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെയും കുടുംബങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചതിന് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ പോലിസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത് കനത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.


Next Story

RELATED STORIES

Share it