Big stories

ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് രേഖപ്പെടുത്തിയേക്കും

രാവിലെ പയ്യോളിയിലെ ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് രേഖപ്പെടുത്തിയേക്കും
X

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസില്‍ നിര്‍ണായക വഴിത്തരിവ്. കൂടത്തായി കൂട്ടക്കൊലയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പോലുസ് കസ്റ്റഡിയിലെടുത്തു. രാവിലെ പയ്യോളിയിലെ ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര എസ്പി ഓഫിസിലേക്ക് കൊണ്ടുപോയി. ഉടന്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്നുള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിച്ച് വരുത്തിയത്.

ആദ്യ ഭാര്യയായ സിലിയെയും മകളെയും കൊന്നതാണെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. താന്‍ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞത്. അവള്‍ മരിക്കേണ്ടവളായിരുന്നുവെന്ന് ഷാജു പറഞ്ഞു. തനിക്ക് ദുഃഖമില്ല. ഇക്കാര്യം പുറത്താരും അറിയരുതെന്നും ഷാജു പറഞ്ഞതായി ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.

കൊലപാതകം അറിഞ്ഞിട്ട് പുറത്ത് പറയാതിരുന്നത് എന്തുകൊണ്ടാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം ആരാഞ്ഞു. അധ്യാപകനായ താങ്കള്‍ക്ക് ഇക്കാര്യം അറിവുള്ളതല്ലേയെന്നും പോലീസ് ചോദിച്ചു. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഷാജുവിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ അന്വേഷണസംഘം രാവിലെ പരിശോധന നടത്തിയിരുന്നു. കൂട്ടക്കൊലപാതകം നടന്ന പൊന്നാമറ്റം തറവാട്ടില്‍ നിന്നും കഴിഞ്ഞദിവസം വൈകീട്ട് ഷാജു ഏതാനും സാധനങ്ങള്‍ കടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. നിര്‍ണായകമായ തെളിവുകള്‍ കടത്തിക്കൊണ്ടുപോയോ എന്ന് സംശയമുള്ളതായി ജോളിയുടെയും കൊല്ലപ്പെട്ട റോയി തോമസിന്റെയും മകനായ റോമോ റോയി അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it