Big stories

കശ്മീർ: പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധം; സിപിഎം സുപ്രിം കോടതിയിലേക്ക്

കേന്ദ്ര നടപടിയിലൂടെ കശ്‌മീരികളുടെ ജീവിതം വഴിമുട്ടി. നാൽപ്പത്‌ ദിവസമായി താഴ്‌വര പൂർണമായും സ്‌തംഭിച്ചു. ആളുകൾക്ക്‌ ജോലിക്കു പോകാനാകുന്നില്ല. വാർത്താവിനിമയ ബന്ധങ്ങൾ പോലുമില്ലാതെ ആളുകൾ നരകിക്കുകയാണ്‌.

കശ്മീർ: പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധം; സിപിഎം സുപ്രിം കോടതിയിലേക്ക്
X

ന്യൂഡൽഹി: ജമ്മുകശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370-ാം വകുപ്പ്‌ റദ്ദാക്കിയതിനെതിരേ സിപിഎം സുപ്രിം കോടതിയിൽ ഹർജി സമർപ്പിക്കും. കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയാണ്‌ ഹരജി നൽകുക. സർക്കാർ നടപടി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടിയാകും ഹരജിയെന്ന്‌ തരിഗാമിയുമൊത്തുള്ള വാർത്താ സമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.

പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട്‌ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതുമെല്ലാം ഭരണഘടനാ വിരുദ്ധമായാണ്‌. ഒരു സംസ്ഥാനത്തിൻറെ അതിർത്തി പുനർനിർണയിക്കുമ്പോൾ ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അംഗീകാരം ആവശ്യമാണ്‌. ജമ്മുകശ്‌മീരിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ല. ഇത്‌ കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌.

കേന്ദ്ര നടപടിയിലൂടെ കശ്‌മീരികളുടെ ജീവിതം വഴിമുട്ടി. നാൽപ്പത്‌ ദിവസമായി താഴ്‌വര പൂർണമായും സ്‌തംഭിച്ചു. ആളുകൾക്ക്‌ ജോലിക്കുപോലും പോകാനാകുന്നില്ല. വാർത്താവിനിമയ ബന്ധങ്ങൾ പോലുമില്ലാതെ ആളുകൾ നരകിക്കുകയാണ്‌. ഇപ്പോഴും താഴ്‌വരയിലെ സിപിഎം നേതാക്കളുമായി ഫോണിൽ ബന്ധപ്പെടാനാവുന്നില്ല. ഭക്ഷ്യവസ്‌തുക്കൾക്കും മരുന്നുകൾക്കുമെല്ലാം ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

തരിഗാമി പ്രതിനിധീകരിക്കുന്ന കുൽഗാം മണ്ഡലം ഏറ്റവുമധികം തീവ്രവാദ ശല്യമുള്ള മേഖലയാണ്‌. തീവ്രവാദത്തിനെതിരായ സിപിഎം പോരാട്ടം ഒരു വിട്ടുവീഴ്‌ചയും സാധ്യമാകാത്തവിധം ദൃഢമാണ്‌. തരിഗാമി തുടർച്ചയായി തെരഞ്ഞെടുക്കപ്പെടാൻ കാരണവും തീവ്രവാദ വിരുദ്ധ നിലപാടാണ്‌. ഫാറൂഖും ഒമറുമൊക്കെ ജമ്മു കശ്‌മീർ ഇന്ത്യയുമായി ചേർന്നുനിൽക്കണമെന്ന്‌ ഏറ്റവുമധികം താൽപ്പര്യപ്പെടുന്ന നേതാക്കളാണ്‌. ഫാറൂഖിനെ ഹാജരാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹേബിയസ്‌ ഹരജി കോടതി മുമ്പാകെ എത്തിയപ്പോഴാണ്‌ അദ്ദേഹത്തിനുമേൽ പ്രത്യേക സുരക്ഷാനിയമം ചുമത്തിയതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it