Cricket

ട്വന്റി-20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; സെമി ലക്ഷ്യമിട്ട് വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇറങ്ങും

ട്വന്റി-20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; സെമി ലക്ഷ്യമിട്ട് വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇറങ്ങും
X

കൊല്‍ക്കത്ത: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായകമല്‍സരത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലെന്ന് വിശേഷണമുള്ള ഇന്ത്യ - വിന്‍ഡീസ് പോരാട്ടം ഞായറാഴ്ച രാത്രി ഏഴ് മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ഇരുടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമായതിനാല്‍ ജയിക്കുന്ന ടീം സെമിഫൈനലില്‍ കടക്കും. എന്തെങ്കിലും കാരണത്താല്‍ കളി മുടങ്ങി പോയിന്റ് പങ്കിട്ടാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡീസ് മുന്നേറും.

സിംബാബ്വെക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് നിര പുറത്തെടുത്ത കരുത്ത് വിന്‍ഡീസിനെതിരേയും ആവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ കൂട്ടുകെട്ടിനെയാകും പരീക്ഷിക്കുന്നത്. ഇഷാന്‍ കിഷന്‍ വണ്‍ഡൗണാകും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും വരും. തിലക് അഞ്ചിലോ ആറിലോ കളിക്കും. ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ്ങിന് ആഴം കൂട്ടും.

ആറാം ബൗളറായി ദുബെ തിളങ്ങിയാല്‍ ഇന്ത്യക്കത് ഗുണകരമാകും. കൊല്‍ക്കത്തയിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജസ്പ്രീത് ബുംറ- അര്‍ഷ്ദീപ് സഖ്യം തുടരാനാണ് സാധ്യത. എന്നാല്‍, ചൈനമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് കൊല്‍ക്കത്തയില്‍ മികച്ച റെക്കോഡുള്ളത് പരിഗണിക്കപ്പെട്ടേക്കും. അങ്ങനെയായാല്‍ അര്‍ഷ്ദീപിനെ പുറത്തിരുത്തിയേക്കും.

ആഴമേറിയ ബാറ്റിങ്നിരയാണ് വിന്‍ഡീസിനുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ അവരത് തെളിയിച്ചതാണ്. 83 റണ്‍സിന് എഴ് വിക്കറ്റ് നഷ്ടമായിട്ടും അവര്‍ 176 റണ്‍സിലെത്തിയതുതന്നെ ഉദാഹരണം. മൂന്നാം നമ്പറിലിറങ്ങുന്ന ഷിംറോണ്‍ ഹെറ്റ്മെയറുടെ ഫോം കളിയില്‍ നിര്‍ണായകമാകും. ഓപ്പണര്‍മാരായ ബ്രെണ്ടന്‍ കിങ്, ഷായ് ഹോപ്പ്, മധ്യനിരബാറ്റര്‍മാരായ റൊവ്മാന്‍ പവല്‍, റോസ്റ്റണ്‍ ചേസ്, ഷെര്‍ഫാനെ റുഥര്‍ ഫോഡ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ക്കൊപ്പം വാലറ്റത്ത് ജേസണ്‍ ഹോള്‍ഡറുംകൂടി ചേരുമ്പോള്‍ മികച്ച സ്‌കോറുണ്ടാക്കാനുള്ള ബാറ്റിങ് നിരയായി മാറും.

ബൗളിങ്ങില്‍ ടീമിന് വ്യത്യസ്തയുണ്ട്. മാത്യു ഫോര്‍ഡെ. ഷാമര്‍ ജോസഫ്, ഹോള്‍ഡര്‍, ജെയ്ഡന്‍ സീലെസ്, ഷെപ്പേര്‍ഡ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ടൂര്‍ണമെന്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നര്‍ ഗുഡകേഷ് മോട്ടിയും അകെല്‍ ഹൊസെയ്നും റോസ്റ്റണ്‍ ചേസും സ്പിന്‍ വിഭാഗത്തിലുണ്ട്.





Next Story

RELATED STORIES

Share it