Big stories

രാജ്യത്തെ ഏറ്റവും വലിയ ഓക്‌സിജന്‍ കിടക്കകളുള്ള കേന്ദ്രം എറണാകുളത്ത് ഒരുങ്ങുന്നു;തയ്യാറാകുന്നത്ആയിരം ഓക്‌സിജന്‍ കിടക്കകളുള്ള താല്‍കാലിക ചികില്‍സ കേന്ദ്രം

കൊവിഡ് ചികില്‍സയ്ക്കായി അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ തയാറാക്കുന്ന താല്‍ക്കാലിക ചികില്‍സ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച്ചയോടെ ആരംഭിക്കാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഓക്‌സിജന്‍ കിടക്കകളുള്ള കേന്ദ്രം എറണാകുളത്ത് ഒരുങ്ങുന്നു;തയ്യാറാകുന്നത്ആയിരം ഓക്‌സിജന്‍ കിടക്കകളുള്ള താല്‍കാലിക ചികില്‍സ കേന്ദ്രം
X

കൊച്ചി:കൊവിഡ് ബാധിതരുടെ ചികില്‍സയ്ക്കായി രാജ്യത്തെ ഏറ്റവും വലിയ ഓക്‌സിജന്‍ കിടക്കകളുള്ള കേന്ദ്രം എറണാകുളത്ത് ഒരുങ്ങുന്നു.അമ്പലമുഗള്‍ റിഫൈനറി സ്‌കൂളിലാണ് താത്കാലിക ചികില്‍സ കേന്ദ്രം തയ്യാറാകുന്നത്.ചികില്‍സ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച്ചയോടെ ആരംഭിക്കാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 1000 ഓക്‌സിജന്‍ കിടക്കകള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബിപിസിഎല്‍ന്റെ സഹകരണത്തോടെ ഇവിടെ പുരോഗമിക്കുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികില്‍സാ കേന്ദ്രമായി ഇത് മാറുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.ഇവിടേക്ക് ആവശ്യമായ നേഴ്‌സുമാര്‍,ഡോക്ടര്‍മാര്‍ എന്നിവര്‍ക്കായുള്ള ആദ്യഘട്ട അഭിമുഖം പൂര്‍ത്തിയായതായി ജില്ലാ ആരോഗ്യ ദൗത്യം പ്രോഗ്രാം മനേജര്‍ അറിയിച്ചു.കൊവിഡ് ചികില്‍സയ്ക്കായി സര്‍ക്കാര്‍ ചെലവില്‍ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികള്‍ക്ക് നല്‍കും. സര്‍ക്കാര്‍ സംവിധാനം വഴിയായിരിക്കും ഈ കിടക്കകള്‍ അനുവദിക്കുന്നത്. ഇവിടങ്ങളില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ളവര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ നിലവില്‍ ഒഴിവുള്ളത് 1911 കിടക്കകള്‍

കൊവിഡ് ചികില്‍സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 1911 കിടക്കകള്‍ മാത്രം. കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3900 കിടക്കകളില്‍ 1989 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി ജില്ലയില്‍ 337 പേര്‍ ചികില്‍സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 30 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1114 കിടക്കള്‍ ഒഴിവുണ്ട്.ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 32 പേര്‍ ചികില്‍സയിലുണ്ട്.

ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 884 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 393 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 459 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളില്‍ 590 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 460 പേര്‍ ചികില്‍സയിലാണ്.

ഓക്‌സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 130 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളിലായി ലഭ്യമാണ്. കൊവിഡ് ചികില്‍സാ രംഗത്തുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള 13 സര്‍ക്കാര്‍ ആശുപത്രികളിലായി 975 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 768 പേര്‍ ചികില്‍സയിലാണ്. കൊവിഡ് രോഗതീവ്രതയുള്ളവരെ ചികില്‍സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 207 കിടക്കകളും ലഭ്യമാണ്.

Next Story

RELATED STORIES

Share it