Kerala

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് വൻ സ്ഫോടക വസ്തു കടത്ത്: ഇടനിലക്കാരനും പിടിയിൽ; അറസ്റ്റിലായവർ മൂന്നായി

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് വൻ സ്ഫോടക വസ്തു കടത്ത്: ഇടനിലക്കാരനും പിടിയിൽ; അറസ്റ്റിലായവർ മൂന്നായി
X

പാലക്കാട്: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്നും തണ്ണിമത്തനടിയില്‍ ഒളിപ്പിച്ച് സ്‌ഫോടകശേഖരം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഇടനിലക്കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി പനീര്‍ശെല്‍വമാണ് പാലക്കാട് ടൌണ്‍ സൌത്ത് പോലിസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വാളയാര്‍വടക്കാഞ്ചേരി ദേശീയപാതയില്‍ തണ്ണിമത്തനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തുക്കളുമായെത്തിയ മിനി ലോറി ടൗണ്‍ സൌത്ത് പോലിസ് പിടികൂടിയത്. അന്നുതന്നെ മിനി ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സെന്തില്‍കുമാറിനെയും ഇന്നലെ അകമ്പടിയായി വന്ന കാര്‍ ഡ്രൈവര്‍ ദുരൈരാജിനെയും അറസ്റ്റുചെയ്തു.

റിമാന്‍ഡില്‍ കഴിയുന്ന സെന്തില്‍കുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇടനിലക്കാരനെ കുറിച്ച് സൂചന ലഭിച്ചത്. പിന്നാലെ ഇന്‍സ്‌പെക്ടര്‍ എസ്. വിപിന്‍കുമാറും സംഘവും തമിഴ്‌നാട് തിരുവണ്ണാമലയില്‍ നിന്നാണ് പനീര്‍ശെല്‍വത്തെ കസ്റ്റഡിയിലെടുത്തത്. ധര്‍മപുരിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ ഇടനിലയായി നിന്നത് പനീര്‍ശെല്‍വമാണെന്നാണ് പോലിസ് പറയുന്നത്. പിടിയിലാവരെ ചോദ്യംചെയ്‌തെങ്കിലും സ്‌ഫോടക വസ്തുക്കള്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന കാര്യത്തില്‍ കൃത്യമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. തൃശൂര്‍ ജില്ലയിലേക്കാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. അതേസമയം, വിശദമായ ചോദ്യം ചെയ്യലിനായി ഇന്നലെ പിടിയിലായ ദുരൈരാജിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കും.




Next Story

RELATED STORIES

Share it