Latest News

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിന് ഇഡി സമന്‍സ്

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിന് ഇഡി സമന്‍സ്
X

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിന് ഇഡി സമന്‍സ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം. ഇന്നലെയാണ് നോട്ടീസ് അയച്ചത്. ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുവഴി സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

കേസില്‍ കൂടുതല്‍ പേര്‍ക്ക് ഇഡി നോട്ടീസ് അയക്കും. നേരത്തെ മുരാരി ബാബുവിനേയും ശ്രീകുമാറിനേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി പട്ടികയിലുള്ള ജയറാമിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. പിഎംഎല്‍എ ആക്ട് പ്രകാരമാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ക്കപ്പുറത്തേക്ക് 12 പേര്‍ക്കാണ് ഇഡി തുടക്കത്തില്‍ സമന്‍സ് അയച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് എസ്‌ഐടിയുടെ പ്രതിപ്പട്ടികയിലുള്ളത്.

നേരത്തെ എസ്‌ഐടിയും ജയറാമിന്റെ ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നത്. നിര്‍മാണ വേളയില്‍ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാര്‍ത്ഥനകളും നടത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ പണം വാങ്ങിയിട്ടുണ്ട്. ശബരിമലയിലെ ഇത്തരം വിശേഷപ്പെട്ട വസ്തുക്കള്‍ വീട്ടിലെത്തിച്ചാല്‍ ഐശ്വര്യമുണ്ടാകും എന്നതടക്കം ധരിപ്പിച്ചുകൊണ്ടാണ് പലയിടത്തും പൂജ ചെയ്തത്. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയത്തിന്റെ പേരിലാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കള്‍ വീട്ടില്‍വെച്ച് പൂജ നടത്തിയതെന്ന് ജയറാം നേരത്തെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it