Top

കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് സ്ഥിരീകരിച്ചു

ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് റാന്നി സ്വദേശികള്‍ക്കും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി. ഇന്നലെ രാത്രിയാണ് രോഗം സ്ഥിരീകരിച്ചത്

കേരളത്തില്‍ വീണ്ടും കൊറോണ;  പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 3 പേര്‍ ഇറ്റലിയില്‍ നിന്നുള്ളവരും 2 പേര്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നാട്ടിലുള്ളവരുമാണ്. ഇവരെല്ലാം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. നിലവില്‍ ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെങ്കിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇവര്‍ ഇറ്റലിയില്‍ നിന്നും വന്ന ശേഷം എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ബന്ധുവീട്ടില്‍ വന്ന രണ്ടു പേര്‍ പനിയായി ആശുപത്രിയില്‍ വന്നപ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്നവരുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ അവരോട് ആശുപത്രിയില്‍ അടിയന്തമായി മാറാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇവരെ നിരീക്ഷണത്തിലാക്കി സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്.

ആരോഗ്യ വകുപ്പ് നേരത്തെ ജാഗ്രത നിര്‍ദേശം നല്‍കിയതാണ്. കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതവര്‍ കേള്‍ക്കാത്തതിന്റെ ഫലമാണിത്. പോസിറ്റീവ് കേസാണെന്ന് അറിഞ്ഞയുടന്‍ പത്തനംതിട്ട ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ശക്തമായ നടപടി സ്വീകരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ ഇവര്‍ പോയ സ്ഥലങ്ങളും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളേയും കണ്ടെത്താന്‍ കഴിയും.

29.02.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 28.02.2020ന് QR126 വെനിസ്-ദോഹ ഫ്‌ലൈറ്റിലോ 29.02.2020ന് QR 514 ദോഹ-കൊച്ചി ഫ്‌ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. പോസിറ്റീവ് കേസുകളുടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് പുരോഗമിക്കുന്നു. ഇത് ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകും.

കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കില്‍ കുറ്റകരമായി കണക്കാക്കും. അയല്‍പക്കക്കാരും അറിയിക്കാന്‍ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

ആറ്റുകാല്‍ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുത്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കുന്നതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്താന്‍ ഇത് എളുപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊങ്കാല ഒഴിവാക്കാന്‍ കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 23 ഹെല്‍ത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും 5 ബൈക്ക് ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അവബോധം നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീ. ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, കോവിഡ് 19 സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കെസാക്‌സ് പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ഡയറക്ടര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it