Big stories

പുതിയ ലോക്‌സഭയില്‍ 27 മുസ്‌ലിംകള്‍; കൂടുതല്‍ പേരെ വിജയിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സ്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പക്ഷേ പതിവ് പോലെ എംപിമാരുടെ എണ്ണം ശുഷ്‌ക്കമാണ്. ദേശീയപാര്‍ട്ടിയായിട്ടും നാല് പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിമാരാകുന്നത്. എഐഎംഐഎമ്മിന് ഈ തെരഞ്ഞെടുപ്പ് മികച്ച വിജയമാണ് സമ്മാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി നാലാം തവണയാണ് ലോക്‌സഭയിലെത്തുന്നത്.

പുതിയ ലോക്‌സഭയില്‍ 27 മുസ്‌ലിംകള്‍;   കൂടുതല്‍ പേരെ വിജയിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സ്
X

ന്യൂഡല്‍ഹി: പുതിയ ലോക്‌സഭയില്‍ മുസ്‌ലിം എംപിമാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 27 മുസിലിം സ്ഥാനാര്‍ഥികളാണ് ഇത്തവണ വിജയിച്ചത്. 2014ല്‍ 23 മുസ്‌ലിം എംപിമാരാണ് വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് കൂടുതല്‍ മുസ്‌ലിം എംപിമാരെ ലോക്‌സഭയിലേക്ക് എത്തിച്ചത്.


അഞ്ച് പേരാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ചത്. അതേസമയം, 2014ല്‍ എട്ട് എംപിമാരെ സംഭാവന ചെയ്ത ബംഗാള്‍ ഇത്തവണ ആറ് പേരെ മാത്രമാണ് പാര്‍ലമെന്റിലേക്കത്തിക്കുന്നത്.

ജംഗിപൂരില്‍ നിന്നുള്ള ഖലീലുറഹ്മാന്‍, ബഷിര്‍ഹട്ടില്‍ നിന്നും നടന്‍ നുസ്‌റത്ത് ജഹാന്‍ റുഹി, ആരംഭാഗില്‍ നിന്നും അഫ്രീന്‍ അലി, മുര്‍ഷിദാബാദില്‍ നിന്നും അബു താഹിര്‍ ഖാന്‍, ഉലുബെയ്‌റയില്‍ നിന്നും സജ്ദ അഹ്മദ് എന്നിവരാണ് ബംഗാളില്‍ നിന്നുമുള്ള തൃണമൂല്‍ എംപിമാര്‍. കോണ്‍ഗ്രസിന്റെ അബു ഹാഷെം ഖാന്‍ ചൌധരി മാല്‍ദാ ദക്ഷിനില്‍ നിന്നും വിജയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പക്ഷേ പതിവ് പോലെ എംപിമാരുടെ എണ്ണം ശുഷ്‌ക്കമാണ്. ദേശീയപാര്‍ട്ടിയായിട്ടും നാല് പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിമാരാകുന്നത്.

മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ ഏറ്റവും തിളക്കമേറിയ വിജയമാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നുള്ള മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടിയുടെ ഇംതിയാസ് ജലീലിന്റെ വിജയം. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമല്ലാത്ത ഔറംഗാബാദില്‍ ദലിത് വിഭാഗങ്ങളുടെ പിന്തുണയോടെയാണ് ഇംതിയാസ് ജലീല്‍ വജിയിച്ചത്. പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ അഗടിയുമായുള്ള സഖ്യം ദലിത് വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ എഐഎംഐഎമ്മിന് സാധിച്ചിട്ടുണ്ട്. എഐഎംഐഎം രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് രണ്ട് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത്. 1984 മുതല്‍ തുടര്‍ച്ചയായി ഹൈദരാബാദില്‍ നിന്നും വിജയിച്ചു വരുന്ന പാര്‍ട്ടി ആദ്യമായാണ് ഹൈദരാബാദിന് പുറത്ത് മല്‍സരിച്ച് വിജയിക്കുന്നത്.


ശിവസേനാ വിമത സ്ഥാനാര്‍ഥി ഹര്‍ഷവര്‍ദ്ധന്‍ ജാദവിന്റെ സ്ഥാനാര്‍ത്ഥിത്വവും എ.ഐ.എം.ഐ.എമ്മിന് ഗുണകരമായിട്ടുണ്ട്. 2.8 ലക്ഷം വോട്ടുകളാണ് ഹര്‍ഷവര്‍ദ്ധന്‍ ജാദവ് മണ്ഡലത്തില്‍ നിന്നും സമാഹരിച്ചത്. ഇത് സേനയുടെ നിലവിലുള്ള എം.പി ചന്ദ്രകാന്ത് ഖൈറിന് വലിയ തിരിച്ചടിയാണ് നല്‍കിയത്.

എഐഎംഐഎമ്മിന് ഈ തെരഞ്ഞെടുപ്പ് മികച്ച വിജയമാണ് സമ്മാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി നാലാം തവണയാണ് ഹൈദരാബാദില്‍ നിന്നും എതിരാളിയായ ബിജെപി സ്ഥാനാര്‍ഥി ഭഗവന്ത് റാവുവിനെ തോല്‍പ്പിച്ച് ലോക്‌സഭയിലെത്തുന്നത്. 3.5 ലക്ഷം വോട്ടുകളാണ് ഹൈദരാബാദില്‍ നിന്നും ഉവൈസി സ്വന്തമാക്കിയത്.

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് മല്‍സരിച്ച മൂന്ന് സ്ഥലങ്ങളില്‍ വിജയം കരസ്ഥമാക്കി. പൊന്നാനിയില്‍ നിന്നും ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് നിന്നും പി കെ കു ഞ്ഞാലിക്കുട്ടിയുമാണ് പാര്‍ലമെന്റിലെക്ക് മുസ്‌ലിം എം.പിമാരായി കടക്കുന്നത്. കേരളത്തിന്റെ പുറത്ത് നിന്നും തമിഴ്‌നാട് രാമനാഥപുരത്ത് നിന്നും മുസ്‌ലിം ലീഗിന് മിന്നുന്ന വിജയം നേടാനായി എന്നത് ഈ തെരഞ്ഞെടുപ്പിന്റെ മിന്നുന്ന ഏടുകളിലൊന്നാണ്. ഡിഎംകെ മുന്നണിയില്‍ ലീഗിന്റെ നവാസ് കാനിയാണ് രാമനാഥപുരത്ത് നിന്നും വിജയം നേടിയ സ്ഥാനാര്‍ഥി.

2014ല്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥി പോലും വിജയിക്കാതിരുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് ആറ് എംപിമാരാണ് ഇത്തവണ പാര്‍ലമെന്റില്‍ എത്തുന്നത്. മൂന്ന് പേര്‍ ബിഎസ്പിയില്‍ നിന്നും മൂന്ന് പേര്‍ എസ്പിയില്‍ നിന്നും ലോക്‌സഭയിലെത്തും. കുന്‍വാര്‍ ഡാനിഷ് അലി(അംറോഹ), അഫ്‌സല്‍ അന്‍സാരി(ഗാസിപൂര്‍), ഹാജി ഫസ്‌ലുര്‍ റഹ്മാന്‍(സഹാറന്‍പൂര്‍) എന്നിവര്‍ ബിഎസ്പിയില്‍ നിന്നും എസ്.ടി ഹസന്‍(മൊറാദാബാദ്), മുഹമ്മദ് അസം ഖാന്‍(റാംപൂര്‍), ഷഫീഖ് റഹ്മാന്‍ ബര്‍ഖ്(സാംബല്‍) എന്നിവര്‍ സമാജ് വാദി ടിക്കറ്റിലും ലോക്‌സഭയിലെത്തി.

ബിഹാറില്‍ നിന്നും രണ്ട് മുസ്‌ലിം എംപിമാര്‍ ലോക്‌സഭയിലെത്തും. എന്‍ഡിഎയുടെ ഭാഗമായ ലോക്ജനശക്തി പാര്‍ട്ടിയുടെ ചൌധരി മെഹബൂബ് അലി കൈസര്‍, കിശന്‍ഖഞ്ചില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ജാവേദ് എന്നിവരാണ് ബിഹാറില്‍ നിന്നുള്ള മുസ്‌ലിം എംപിമാര്‍. 2014ലേത് സമാനമായി കൈസര്‍ മാത്രമാണ് എന്‍.ഡി.എയില്‍ നിന്നുമുള്ള ഏക മുസ്‌ലിം എം.പി. 30 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള അസമില്‍ നിന്നും ആകെ രണ്ട് മുസ്‌ലിം എം.പിമാര്‍ മാത്രമാണ് തിരഞ്ഞടുക്കപ്പെട്ടത്. എഐയുഡിഎഫിന്റെ ബദറുദ്ദീന്‍ അജമല്‍, കോണ്‍ഗ്രസിന്റെ അബ്ദുല്‍ ഖലീക്ക് എന്നിവരാണ് അസമില്‍ നിന്നുമുള്ള മുസ്‌ലിം എം.പിമാര്‍.

ജമ്മു കശ്മീരില്‍ നിന്നും മൂന്ന് മുസ്‌ലിം സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ കോണ്‍ഫറിന്‍സിന്റെ മൂന്ന് സീറ്റുകളാണ് ജമ്മുവില്‍ നിന്നുമുള്ള മുസ്‌ലിം പ്രാതിനിധ്യം. ശ്രീനഗറില്‍ നിന്നും ഫാറൂഖ് അബ്ദുല്ല, ബാറാമുള്ളയില്‍ നിന്നും മുഹമ്മദ് അക്ബര്‍ ലോന്‍, അനന്ത്‌നാഗില്‍ നിന്നും മെഹബൂബ മുഫ്തിയെ തകര്‍ത്തടിച്ച ഹസ്‌നൈന്‍ മസൂദ്ദി എന്നിവരാണ് ആ മൂന്ന് മുസ്‌ലിം എം.പിമാര്‍.

ആലപ്പുഴയില്‍ നിന്നുമുള്ള ഇടത് മുന്നണി സ്ഥാനാര്‍ഥി അഡ്വ. എ എം ആരിഫ്, ലക്ഷദ്വീപില്‍ നിന്നും എന്‍സിപിയുടെ മുഹമ്മദ് ഫൈസല്‍, പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മുഹമ്മദ് സാദിഖ് എന്നിവരാണ് വിജയിച്ച മറ്റ് മൂന്ന് മുസ്‌ലിം എംപിമാര്‍.

Next Story

RELATED STORIES

Share it