Voice

ഉരിയാടാന്‍ ഒന്നുമില്ലാതെ മോദി

നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ്ഘടന പാടേ തകര്‍ത്തു. യാതൊരു മുന്നൊരുക്കമോ മുന്‍കരുതലോ ഇല്ലാതെയാണ് രാജ്യത്ത് 500ന്റെയും 1000ന്റെയും നോട്ടുകള്‍ അര്‍ധരാത്രിയില്‍ മോദി നിരോധിച്ചത്. വിരലില്‍ എണ്ണാവുന്ന കുത്തക മുതലാളിമാര്‍ക്കു വേണ്ടിയാണ് നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതെന്ന വാദം ഒട്ടും അപ്രസക്തമല്ല. ഒരു റിപോര്‍ട്ട് പ്രകാരം നോട്ടു നിരോധനം കൊണ്ട് ഏറ്റവും ചുരുങ്ങിയത് 15 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

ഉരിയാടാന്‍      ഒന്നുമില്ലാതെ മോദി
X


സജ്ജാദ് സാഹിര്‍, ദമ്മാം


ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു വിളിപ്പാട് അകലെ എത്തിനില്‍ക്കെ ഒന്നും ഉരിയാടാനില്ലാതെ മോദി. മോദിക്ക് ഇനിയൊരു അദ്ഭുതവും കാണിക്കാനും കഴിയില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ചരിത്രത്തിന്റെ ഒരു ഭാഗമാവേണ്ട ആളാണ്. ചരിത്രത്തില്‍ മോദി ഒരടിക്കുറിപ്പായി മാറിയേക്കും. അഴിമതിമുക്തമാക്കും, സ്ഥിരതയുള്ള ഭരണം കാഴ്ചവയ്ക്കും എന്നതൊക്കെയായിരുന്നു 2014ല്‍ മോദിയുടെ വാഗ്ദാനങ്ങള്‍.

ഇന്നു മുഖ്യധാരാ മാധ്യമങ്ങള്‍ മോദിഭീതി മൂലം അവഗണിക്കുന്ന പല അഴിമതിക്കഥകളും ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിമാന നിര്‍മാണ മേഖലയില്‍ 70 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ അവഗണിച്ചാണ് മോദി റിലയന്‍സിനായി റഫേല്‍ കച്ചവടം ഉറപ്പിച്ചത്. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ്ഘടന പാടേ തകര്‍ത്തു. യാതൊരു മുന്നൊരുക്കമോ മുന്‍കരുതലോ ഇല്ലാതെയാണ് രാജ്യത്ത് 500ന്റെയും 1000ന്റെയും നോട്ടുകള്‍ അര്‍ധരാത്രിയില്‍ മോദി നിരോധിച്ചത്. വിരലില്‍ എണ്ണാവുന്ന കുത്തക മുതലാളിമാര്‍ക്കു വേണ്ടിയാണ് നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതെന്ന വാദം ഒട്ടും അപ്രസക്തമല്ല. ഒരു റിപോര്‍ട്ട് പ്രകാരം നോട്ടു നിരോധനം കൊണ്ട് ഏറ്റവും ചുരുങ്ങിയത് 15 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

സമീപകാല ചരിത്രത്തിലെ എക്കാലത്തെയും വലിയ തകര്‍ച്ചയിലാണ് കാര്‍ഷിക മേഖല. നിരവധി കര്‍ഷകര്‍ രാജ്യത്ത് ദിനംപ്രതിയെന്നോണം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. കര്‍ഷകരുടെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഒരുകാലത്ത് ഭക്ഷണത്തിനു വേണ്ടിയാണ് മനുഷ്യന്‍ കൊന്നിരുന്നതെങ്കില്‍ ഇന്ന് അതേ ഭക്ഷണം സൂക്ഷിച്ചതിന്റെ പേരില്‍ മനുഷ്യന്‍ കൊല ചെയ്യപ്പെടുന്നു. മുഹമ്മദ് അഖ്‌ലാഖും ജുനൈദുമൊക്കെ നാടിന്റെ വേദനകളായി മാറി. മുഹമ്മദ് അഖ്‌ലാഖ് കേസ് സത്യസന്ധമായി അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ടിട്ട് ദിവസങ്ങളായില്ല. ആള്‍ക്കൂട്ടക്കൊല നടക്കുന്ന അപൂര്‍വം അപരിഷ്‌കൃത രാജ്യങ്ങളില്‍പ്പെടും ജനാധിപത്യ ഭാരതം. കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും ധബോല്‍ക്കറും ഗൗരി ലങ്കേഷും ഒക്കെ ഫാഷിസ്റ്റ് കൊലയാളികളുടെ ഇരകള്‍. ഉന്നാവോ സംഭവവും കഠ്‌വ സംഭവവും രാജ്യമനസ്സാക്ഷിയെത്തന്നെ പിടിച്ചുകുലുക്കി. അപമാനഭാരത്താല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ശിരസ്സു താണു.

അടയാളപ്പെടുത്തലുകള്‍ ഒന്നുമില്ലാത്ത മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ഇന്നു സംഘപരിവാരത്തിനു ഹിന്ദുത്വവോട്ടുകള്‍ ഏകീകരിക്കുക എന്ന വഴി മാത്രമാണുള്ളത്. ആ അജണ്ടയുടെ ഭാഗം മാത്രമാണ് അയോധ്യ, ശബരിമല തുടങ്ങിയ വിവാദങ്ങള്‍. അതൊക്കെ ഹിന്ദുത്വവികാരത്തിനു ചൂടുപിടിപ്പിക്കുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍, അത്തരം ഗിമ്മിക്കുകള്‍ക്ക് പഴയപോലുള്ള ശക്തിയില്ല. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയുമൊക്കെ തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത് അതാണ്. 15 വര്‍ഷം ബിജെപി തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഛത്തീസ്ഗഡും. രാജസ്ഥാനാവട്ടെ അഞ്ചു വര്‍ഷവും. ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നു മാത്രം ബിജെപിക്ക് നഷ്ടമാവുന്നത് 26 ലോക്‌സഭാ സീറ്റുകളാണ്.

ശക്തമായ കേഡര്‍ സ്വഭാവമുള്ള ആര്‍എസ്എസിന്റെ എണ്ണയിട്ട യന്ത്രം പോലുള്ള പ്രവര്‍ത്തനം, എന്നും മോദിയുടെയും അമിത്ഷായുടെയും കൂട്ടുകാരായ കുത്തക മുതലാളിമാരുടെ പണമൊഴുക്കല്‍, സര്‍വോപരി കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഭരണം, കോണ്‍ഗ്രസ്സിന്റെ ദുര്‍ബലമായ രാഷ്ട്രീയ സംവിധാനം എന്നിവയൊന്നും ബിജെപിയുടെ രക്ഷയ്‌ക്കെത്തിയില്ല. സര്‍വനാശം വിതച്ചുകൊണ്ടിരിക്കുന്ന ബിജെപിയെ എന്തു വില കൊടുത്തും ഹൃദയഭൂമികയില്‍ പരാജയപ്പെടുത്തുക എന്ന ജനങ്ങളുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ ബിജെപിക്ക് അടിതെറ്റുന്നു.
Next Story

RELATED STORIES

Share it