Sub Lead

പേരാമ്പ്ര പള്ളിക്ക് നേരെ കല്ലേറ്: ബോംബെറിഞ്ഞെന്ന് വ്യാജ പ്രചാരണം നടത്തിയ യൂത്ത്‌ലീഗ് നേതാവിനെതിരേ കേസെടുത്തു

വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പേരാമ്പ്ര പള്ളിക്ക് നേരെ കല്ലേറ്:  ബോംബെറിഞ്ഞെന്ന് വ്യാജ പ്രചാരണം നടത്തിയ യൂത്ത്‌ലീഗ് നേതാവിനെതിരേ കേസെടുത്തു
X

പേരാമ്പ്ര: മുസ്‌ലിം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ പേരാമ്പ്ര പോലിസ് കേസെടുത്തു. കഴിഞ്ഞ സംഘപരിവാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ പേരാമ്പ്ര പള്ളിക്ക് നേരെ കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ പള്ളിക്ക് നേരെ ബോംബേറുണ്ടായെന്ന് നജീബ് കാന്തപുരം വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന്റെ ഭാഗമായി നടന്ന കല്ലേറുമായി ബന്ധപ്പെട്ട് പള്ളിയുടേയും യൂത്ത് ലീഗ് ഓഫീസിന്റെയും ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്താണ് നജീബ് പ്രചരിപ്പിച്ചതെന്ന് ഡിവൈഎഫഐ പരാതിയില്‍ ആരോപിച്ചു.

ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എംഎം ജിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തുരിക്കുന്നത്. ഡിജിപിക്കും പേരാമ്പ്ര സ്‌റ്റേഷനിലുമാണ് ജിജേഷ് പരാതി നല്‍കിയത്.

പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായിരുന്നു. റിമാന്റിലായ ചെറുവണ്ണൂരിലെ മാടമുള്ള മാണിക്കോത്ത് അതുല്‍ദാസിന് (23) പേരാമ്പ്ര കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ വൈകീട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷമാണ് കല്ലേറുണ്ടായത്.

യൂത്ത് കോണ്‍ഗ്രസുമായുണ്ടായ സംഘര്‍ഷത്തില്‍ ദിശതെറ്റിയ കല്ല് പള്ളിയുടെ തൂണിന് കൊള്ളുകയായിരുന്നവെന്ന് ഡി.വൈ.എഫ്.ഐ പറയുന്നു. എന്നാല്‍, മതസ്പര്‍ദയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. 153(എ) വകുപ്പ് ചേര്‍ത്താണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസെടുത്തത്. സംഭവത്തില്‍ മുസ്‌ലിംലീഗ്-സിപിഎം ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് യൂത്ത് ലീഗ് നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it