Sub Lead

പെരിയാറിലെ യുവതിയുടെ മൃതദേഹം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തിയത്.

പെരിയാറിലെ യുവതിയുടെ മൃതദേഹം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
X

കൊച്ചി: യുവതിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന്് കണ്ടെത്തിയിരുന്നു.

ലോക്കല്‍ പോലിസ് ഒരു വര്‍ഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ റൂറല്‍ എസ്പി ശുപാര്‍ശ ചെയ്യുകയായിരുന്നു. വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയില്‍ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. ഇളംപച്ച ത്രീഫോര്‍ത്ത് ലോവറും കരിനീല ടോപ്പുമായിരുന്നു വേഷം. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം വായില്‍ തിരുകിവച്ചിരുന്നു. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലാണ് മൃതദേഹത്തില്‍ കെട്ടിത്തൂക്കിയിരുന്നത്. ഉള്ളില്‍ വായു രൂപപ്പെട്ടതിനാല്‍ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോകാതിരുന്നതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.

സംഭവത്തിനു പിന്നില്‍ മധ്യവയസ്‌കരായ സ്ത്രീയും പുരുഷനുമാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. മൃതദേഹം പൊതിഞ്ഞ വരയന്‍ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ രണ്ടു കടകളില്‍ നിന്നു വാങ്ങിയതാണെന്നും പോലിസ് സ്ഥിരീകരിച്ചിരുന്നു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാര്‍ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നല്‍കിയ വിവരങ്ങളുമാണ് കട കണ്ടെത്താന്‍ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്പര്‍ വ്യക്തമായിരുന്നില്ല.കൊല്ലപ്പെട്ടതു വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പ്രത്യേകതകള്‍, മുടിയുടെ സ്വഭാവം, നഖങ്ങളിലെ പോളിഷ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പോലിസ് ഈ നിഗമനത്തില്‍ ഏത്തിച്ചേര്‍ന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് ശേഖരിച്ചിരുന്നു. ചൈനീസ് റസ്റ്ററന്റുകള്‍, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോസ്റ്റ്‌മോര്‍ട്ടം ചിത്രങ്ങള്‍ വച്ച് യുവതിയുടെ രേഖാചിത്രം തയാറാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി ധരിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ലോക്കല്‍ പോലിസിന് കാര്യമായ തെളിവൊന്നും ലഭിക്കാതെ വഴിമുട്ടിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

Next Story

RELATED STORIES

Share it