Sub Lead

മുൻകൂർ ജാമ്യം തള്ളിയിട്ടും ദലിത് സ്ത്രീയായ എന്നെ ആക്രമിച്ചതിന് പ്രതീഷ് വിശ്വനാഥിനെ അറസ്റ്റ് ചെയ്യാത്തതെന്ത്?

എറണാകുളം പോലിസ് കമ്മിഷണർ ഓഫീസിന് മുൻപിൽ വെച്ച് കെമിക്കൽ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല.

മുൻകൂർ ജാമ്യം തള്ളിയിട്ടും ദലിത് സ്ത്രീയായ എന്നെ ആക്രമിച്ചതിന് പ്രതീഷ് വിശ്വനാഥിനെ അറസ്റ്റ് ചെയ്യാത്തതെന്ത്?
X

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടർന്ന് ശബരിമല സന്ദർശിച്ച ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ നടന്ന കെമിക്കൽ സ്പ്രേ ആക്രമണത്തിൽ പ്രതീഷ് വിശ്വനാഥ് അടക്കമുള്ള സംഘപരിവാർ നേതാക്കളെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്ത്. ഫേസ്ബുക്ക് വഴിയാണ് തുറന്ന കത്ത് ബിന്ദു അമ്മിണി പ്രസിദ്ധീകരിച്ചത്.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിച്ചു മാത്രം പ്രവർത്തിക്കുന്ന എന്നെ 2019 ഭരണഘടനാ ദിനത്തിൽ ഗൂഡാലോചന നടത്തി ആസൂത്രിതമായി സംഘടിതമായി വന്നു എറണാകുളം പോലിസ് കമ്മിഷണർ ഓഫീസിന് മുൻപിൽ വെച്ച് കെമിക്കൽ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല. ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയിട്ടും യാതൊരു വിധ അന്വേഷണവും നടത്താത്ത പോലിസിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് കത്തിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ എന്റെ ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ പോലും തയ്യാറല്ല. ജില്ലാ കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനു ശേഷം പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും മുൻകൂർജാമ്യം തള്ളിയിട്ടും പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറല്ല. സ്ത്രീ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്ന ഒരു സർക്കാർ ഭരിക്കുന്ന കേരളത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ട എനിക്ക് നേരെ ഉണ്ടായ ക്രൂരമായ സംഘപരിവാർ ആക്രമണത്തിൽ കേരള പോലിസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നുവെന്നും ബിന്ദു അമ്മിണി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്,

ഞാൻ ദലിത് വിഭാഗത്തിൽപ്പെട്ട അക്ഷരഭ്യാസമില്ലാത്ത മാതാപിതാക്കൾക്കുജനിച്ച ഒരാളാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിച്ചു മാത്രം പ്രവർത്തിക്കുന്ന എന്നെ 2019 ഭരണഘടനാ ദിനത്തിൽ ഗൂഡാലോചന നടത്തി ആസൂത്രിതമായി സംഘടിതമായി വന്നു എറണാകുളം പോലിസ് കമ്മിഷണർ ഓഫീസിന് മുൻപിൽ വെച്ച് കെമിക്കൽ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച പ്രതികൾ ആണ് ഫോട്ടോയിലുള്ളത്. അതിൽ കൃത്യം നടത്തിയ പ്രതിയെ മാത്രം അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ പ്രതി ചേർക്കാൻ പോലിസ് തയ്യാറായിരുന്നില്ല. എന്നാൽ മജിസ്‌ട്രേറ്റിനു മുൻപാകെ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതീഷ് വിശ്വാനാഥൻ, രാജഗോപാൽ, ദിലീപ് എന്നിവരെ പ്രതിച്ചേർത്തിരുന്നു. തുടർന്ന് രാജാഗോപാൽ, പ്രതീഷ് വിശ്വനാഥൻ എന്നിവർ നൽകിയ മുൻ‌കൂർ ജാമ്യപേക്ഷ ജില്ലകോടതി തള്ളിയിട്ടും പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥർ ഇത്‌ വരെ എന്റെ മൊഴി (further statement ) എടുക്കാൻ പോലും തയ്യാറായിട്ടില്ല. ഫോറൻസിക് റിപോർട്ട്‌ തുടങ്ങിയാതൊന്നും ഇപ്പോഴും ലഭ്യമായിട്ടില്ലെന്നാണ് പോലിസ് തന്നെ അറിയിച്ചത്. എന്റെ കണ്ണിന്റെ കാഴ്ച അടക്കം ഭാഗികമായി നഷ്ടപ്പെട്ടിട്ടും, ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത്‌ വെച്ച് ദലിത് സ്ത്രീ ആയ ഞാൻ ആസിഡ് സ്വഭാവത്തിലുള്ള ദ്രാവാകം ഉപയോ​ഗിച്ചു ആക്രമിക്കപ്പെട്ടിട്ടും, യാതൊരു വിധ അന്വേഷണവും നടത്താത്ത പോലിസിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ എന്റെ ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ പോലും തയ്യാറല്ല. ജില്ലാ കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനു ശേഷം പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും മുൻകൂർജാമ്യം തള്ളിയിട്ടും പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറല്ല. ഇന്ന് ഞാൻ എറണാകുളം പോലിസ് കമ്മിഷണറെ കേസുമായി ബന്ധപ്പെട്ടു ഫോൺ വിളിച്ചെങ്കിലും ഞാൻ ആരാണെന്ന് മനസ്സിലായ ഉടൻ ഫോൺ കട്ടു ചെയ്യുകയുണ്ടായി. പിന്നീട് വിളിച്ചിട്ട് കോൾ എടുക്കാൻ തയ്യാറായിട്ടില്ല.

പ്രോസിക്യൂഷൻ കേസ് ശരിയായി നടത്താത്ത സാഹചര്യത്തിൽ എനിക്ക് കേസിൽ അസ്സിസ്റ്റ്‌ ചെയ്യാനായി അഡ്വ. ജയകൃഷ്ണൻ യു എന്ന ഹൈക്കോടതി അഭിഭാഷകനെ ആശ്രയിക്കേണ്ടി വന്നു. കോടതിയിൽ നിന്നും എനിക്ക് സമൻസ് അയച്ചിരുന്നു എന്നാണ് ഓർഡറിലുള്ളത്. എന്നാൽ എനിക്ക് യാതൊരു വിധ അറിയിപ്പും കോടതിയിൽ നിന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ ഏജൻസി വർക്കിലൂടെ ജീവനക്കാരെ സ്വാധീനിച്ചിരിക്കാം എന്ന് ഞാൻ കരുതുന്നു. സംഭവം നടന്ന സമയത്തു അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ ഈ പ്രതികൾ തലേ ദിവസം ഹൈക്കോടതി പരിസരത്ത് വെച്ച് ഗൂഡാലോചന നടത്തുന്നത് കണ്ടിരുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു. (അദ്ദേഹം ഇപ്പോൾ അത് ഓർമ്മിക്കുന്നുണ്ടോ എന്ന് അറിയില്ല) പോലിസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്ന ഒരു സർക്കാർ ഭരിക്കുന്ന കേരളത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ട എനിക്ക് നേരെ ഉണ്ടായ ക്രൂരമായ സംഘപരിവാർ ആക്രമണത്തിൽ കേരള പോലിസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it