Sub Lead

അധികാരത്തിലിരുന്നപ്പോള്‍ ബിജെപിയെക്കാള്‍ ഭയങ്കരര്‍; അധികാരം നഷ്ടമായപ്പോള്‍ കോണ്‍ഗ്രസ് മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നു: ഉവൈസി

അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ ഭീകരരായിരുന്നു. അധികാരം നഷ്ടപ്പെട്ടപ്പോള്‍, അവര്‍ മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നുവെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

അധികാരത്തിലിരുന്നപ്പോള്‍ ബിജെപിയെക്കാള്‍ ഭയങ്കരര്‍;     അധികാരം നഷ്ടമായപ്പോള്‍ കോണ്‍ഗ്രസ്    മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നു: ഉവൈസി
X

ന്യൂഡല്‍ഹി: യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) കൊണ്ടുവന്ന കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം). കേന്ദ്രസര്‍ക്കാരിന്റെ യുഎപിഎ ഭേദഗതി ബില്ലിന് കാരണം കോണ്‍ഗ്രസ് ആണെന്ന് ഉവൈസി കുറ്റപ്പെടുത്തി. നിയമം കൊണ്ടുവന്ന കോണ്‍ഗ്രസാണ് യഥാര്‍ത്ഥ പ്രതികള്‍. അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ ഭീകരരായിരുന്നു. അധികാരം നഷ്ടപ്പെട്ടപ്പോള്‍, അവര്‍ മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നുവെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

ഭീകരവാദം സംശയിക്കുന്ന വ്യക്തികളെക്കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം നല്‍കുന്ന ബില്ലാണ് യുഎപിഎ നിയമഭേദഗതി ബില്ല്. വിവിധ സംസ്ഥാനങ്ങളിലുള്ള 'ഭീകരരുടെ' സ്വത്തുക്കള്‍ കണ്ടുകെത്താന്‍ സര്‍ക്കാരിന് കഴിയുന്നതാണ് ബില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. നേരത്തെ, എന്‍ഐഎ ബില്‍ ഭേദഗതി ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷായും ഉവൈസിയും തമ്മില്‍ ലോക്‌സഭയില്‍ ഏറ്റുമുട്ടിയിരുന്നു.

ബിജെപി എംപി സത്യപാല്‍ സിങിന്റെ പ്രസംഗത്തിനിടെ ഉവൈസി എഴുന്നേറ്റതോടെ അമിത് ഷാ വിരല്‍ ചൂണ്ടി സംസാരിച്ചതാണ് ഉവൈസിയെ ചൊടിപ്പിച്ചത്. താങ്കള്‍ വിരല്‍ ചൂണ്ടി സംസാരിച്ചാല്‍ താന്‍ ഭയന്നു പോകില്ലെന്ന് ഉവൈസി പറഞ്ഞു. നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ തങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് അമിത് ഷാ ചോദിച്ചു. ഭരണപക്ഷവും പ്രതിപക്ഷവുമായുള്ള വാഗ്വാദങ്ങള്‍ക്കൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു.

Next Story

RELATED STORIES

Share it