Latest News

ഹൗസ് ബോട്ടുകള്‍ പൂര്‍ണമായി കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു

ഹൗസ് ബോട്ടുകള്‍ പൂര്‍ണമായി കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു
X

അമ്പലപ്പുഴ: കായലോരത്ത് നങ്കൂരമിട്ടിരുന്ന രണ്ടു ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. യാത്രക്കാരെ സമയോചിതമായി രക്ഷപ്പെടുത്താനായെങ്കിലും അവരുടെ ബാഗുകളും മറ്റു സാധനങ്ങളും തീയില്‍ നശിച്ചു.

പറവൂര്‍ പൂന്തിരം പാടശേഖരത്തിന് സമീപം പൂക്കൈതയരില്‍ പുലര്‍ച്ചെ ആറോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ നാലംഗ കുടുംബം രാത്രി താമസിച്ചിരുന്ന അനാഹിത എന്ന ഹൗസ് ബോട്ടിലാണ് ആദ്യം തീ ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് അടുക്കള ഭാഗത്ത് തീപിടിച്ചതായാണ് പ്രാഥമിക വിവരം. തുടര്‍ന്ന് അടുക്കളയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ തീ പടരുകയായിരുന്നു. ബോട്ടിലെ ജീവനക്കാര്‍ വേഗത്തില്‍ ഇടപെട്ട് യാത്രക്കാരായ നാലുപേരെയും സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. എന്നാല്‍ തീ പിന്നീട് സമീപത്ത് നങ്കൂരമിട്ടിരുന്ന കാതറിന്‍ എന്ന മറ്റൊരു ഹൗസ് ബോട്ടിലേക്കും പടര്‍ന്നു. ആ സമയത്ത് ബോട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

വിവരം ലഭിച്ചതോടെ നാട്ടുകാരും ആലപ്പുഴയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റുകളും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടു ഹൗസ് ബോട്ടുകളും പൂര്‍ണമായും കത്തി നശിച്ചു. പറവൂര്‍ സ്വദേശികളായ സഹോദരന്മാരുടേതാണ് ഇരുബോട്ടുകളും. ആറു ബെഡ്‌റൂമുകളും 60 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെട്ട വലിയ ഹൗസ് ബോട്ടാണ് അനാഹിത. മൂന്നു മുറികളുള്ളതാണ് കാതറിന്‍. രണ്ടിനും കൂടി ഏകദേശം രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമകള്‍ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Next Story

RELATED STORIES

Share it