Sub Lead

മിഠായി തെരുവിലെ ക്ഷേത്രത്തില്‍ ആയുധശേഖരം; നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

ആക്രമണം നടത്തിയ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ അഭയം തേടിയിരുന്നു. ഇവരെ പിടികൂടിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഎച്ച്പി ജില്ലാ ഓഫിസില്‍ സൂക്ഷിച്ച ആയുധ ശേഖരം കണ്ടെത്തിയത്.

മിഠായി തെരുവിലെ ക്ഷേത്രത്തില്‍ ആയുധശേഖരം;  നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍
X

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍ നിന്ന് ആയുധ ശേഖരം പിടിച്ചെടുത്തു. നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍. കൊടുവാള്‍, ദണ്ഡ, കുപ്പികള്‍ എന്നിവയാണ് പോലീസ് കണ്ടെത്തിയത്. ഹര്‍ത്താലിന്റെ മറവില്‍ മിഠായിത്തെരുവില്‍ കടകള്‍ക്ക് നേരെ ആക്രമണം നടത്തിയ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ അഭയം തേടിയിരുന്നു. ഇവരെ പിടികൂടിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഎച്ച്പി ജില്ലാ ഓഫിസില്‍ സൂക്ഷിച്ച ആയുധ ശേഖരം കണ്ടെത്തിയത്.

സംഘപരിവാര്‍ ഹര്‍ത്താലിനെ അവഗണിച്ച് മിഠായിത്തെരുവില്‍ കടകള്‍ തുറന്ന് വ്യാപാരികള്‍ പ്രതിഷേധിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. പ്രകടനമായെത്തിയാണ് വ്യാപാരികള്‍ മിഠായിത്തെരുവില്‍ കടകള്‍ തുറന്നത്. 10 കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഇതിനെതിരേ വ്യാപക അക്രമമാണ് സംഘപരിവാര്‍ നടത്തിയത്. അക്രമത്തെ തുടര്‍ന്ന് ചില കടകള്‍ പൂട്ടിയെങ്കിലും 2 കടകള്‍ തുറന്ന് കിടന്നു. പോലീസ് വ്യാപാരികള്‍ക്ക് സുരക്ഷയൊരുക്കി. അക്രമികളെ തുരത്താന്‍ ലാത്തിവീശിയ പോലീസ് ഗ്രനേഡും പ്രയോഗിച്ചു. ഇതോടെ ആര്‍എസ്എസ് സംഘം കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ അഭയം തേടുകയായിരുന്നു. വിഎച്ച്പി ജില്ലാ കമ്മിറ്റി ഓഫിസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രത്തില്‍ ആയുധം സൂക്ഷിച്ച മുഴുവന്‍ ആര്‍എസ്എസ്-വിഎച്ച്പി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മിഠായി തെരുവില്‍ പ്രകടനം നടത്തി. എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും മിഠായി തെരുവില്‍ പ്രകടനം നടത്തി.

അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ സാംബശിവ റാവുവും മിഠായിത്തെരുവ് സന്ദര്‍ശിച്ചു.




Next Story

RELATED STORIES

Share it