Sub Lead

ഓര്‍മ വന്നത് ഏലാന്തി കുഞ്ഞാപ്പയെ; കെ എം ഷാജിക്ക് മറുപടിയുമായി സ്പീക്കര്‍

ഓര്‍മ വന്നത് ഏലാന്തി കുഞ്ഞാപ്പയെ; കെ എം ഷാജിക്ക് മറുപടിയുമായി സ്പീക്കര്‍
X

തിരൂര്‍: നാവിന് എല്ലില്ലാത്തതിനാല്‍ എന്തും വിളിച്ചുപറയുന്ന രീതി താന്‍ സ്വീകരിക്കാറില്ലെന്നും നിയമത്തെ നിയമത്തിന്റെ വഴിക്ക് പോവാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിനു അനുമതി നല്‍കിയ സ്പീക്കര്‍ക്കെതിരായ ഷാജിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്തിനാണീ വിവാദം എന്നെനിക്ക് മനസ്സിലാവുന്നില്ല.

ഈ സമയം എനിക്കോര്‍മ വന്നത് കൊണ്ടോട്ടിയിലെ ഏലാന്തി കുഞ്ഞാപ്പയെയായിരുന്നു. തന്നെ ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്നു തോന്നുകയാണെങ്കില്‍ അവിടെ ഏറ്റവും ആദരണീയനായ കൊണ്ടോട്ടി തങ്ങളെ ചീത്ത പറയും. പുളിച്ച തെറി പറയും. അപ്പോ ആളുകള്‍ തടിച്ചുകൂടും. ആ കഥയാണ് തനിക്കോര്‍മ വരുന്നത്. അങ്ങനെ ഏലാന്തി കുഞ്ഞാപ്പയുടെ സമീപനം ആരും സ്വീകരിക്കുന്നത് ശരിയല്ല. കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ സ്പീക്കര്‍ക്കില്ല. എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കണ്ട. താനാ സംസ്‌കാരം പഠിച്ചിട്ടില്ല. സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആശാസ്യമല്ല. സഭയോടുള്ള അവഗണനയാണ്. ഇത്തരം സമീപനം ബാലിശവും അപക്വവുമാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഷാജിയുടെ പേരെടുത്തു പറയാതെ സ്പീക്കര്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകരുടെ അഴിമതി നിരോധന നിയമപ്രകാരം മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം. എംല്‍എമാര്‍ക്കെതിരേ കേസെടുത്ത് മുന്നോട്ടുപോവണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം. സ്പീക്കര്‍ അതല്ലാതെ എന്ത് ചെയ്യും. സര്‍ക്കാര്‍ ഏജന്‍സി അന്വേഷിച്ച് കണ്ടെത്തി കേസുമായി മുന്നോട്ടുപോവണമെന്ന് പറഞ്ഞാല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് പറയാനാവുമോ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കലല്ല സ്പീക്കറുടെ ജോലി. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോവാന്‍ അനുവദിക്കണം. നേരത്തേ കോടതി ഒരംഗത്തിന് അയോഗ്യത കല്‍പ്പിച്ചു. കോടതി അയോഗ്യത കല്‍പിച്ചാല്‍ അയാള്‍ അയോഗ്യനായി. അയോഗ്യത ഇല്ലാതാകണമെങ്കില്‍ പിന്നെ നടപടി സ്‌റ്റേ ചെയ്യണം. സ്‌റ്റേ ചെയ്യുന്ന കാലാവധിക്കുള്ളില്‍ സ്പീക്കര്‍ എടുക്കേണ്ടത് അദ്ദേഹം അംഗമായിരിക്കില്ല എന്ന നടപടി സ്വീകരിക്കലാണ്. ഭരണപക്ഷത്തെ അംഗത്തോടും അങ്ങനെയുള്ള നടപടിയാണ് സ്വീകരിച്ചത്. വിജിലന്‍സ് കേസെടുക്കുന്നത് സ്പീക്കറുടെ ഓഫിസ് പറഞ്ഞിട്ടല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ എഫ്‌ഐആര്‍ തയ്യാറാക്കി. തുടര്‍നടപടിക്കായി അനുമതി സ്പീക്കര്‍ ഓഫിസിനോട് ചോദിച്ചു. നിയമോപദേശ പ്രകാരം മുന്നോട്ടുപോകാമെന്നാണെങ്കില്‍ അത് വെട്ടിയിട്ട് നടപടി സ്വീകരിക്കാന്‍ പാടില്ലാ എന്നാണോ സ്പീക്കര്‍ ചെയ്യേണ്ടത്. രാഷ്ട്രീയമായ ആരോപണം ആര്‍ക്കും ഉന്നയിക്കാം. പക്ഷേ, നിയമസഭയുടെ കര്‍ത്തവ്യങ്ങളെ അതിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല. തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it