Sub Lead

വൈത്തിരി വ്യാജ ഏറ്റുമുട്ടല്‍ കൊല: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം-എസ് ഡിപിഐ

വൈത്തിരി വ്യാജ ഏറ്റുമുട്ടല്‍ കൊല: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം-എസ് ഡിപിഐ
X

തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍. തങ്ങള്‍ക്കെതിരേ സി പി ജലീല്‍ വെടിവച്ചതിനെത്തുടര്‍ന്നാണ് തിരിച്ചുവെടിവച്ചതെന്ന പോലിസ് അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗങ്ങളെല്ലാം പോലിസ് ഉപയോഗിക്കുന്ന സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ളതാണെന്നാണ് റിപോര്‍ട്ട്.

പോലിസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമായിരിക്കുന്നു. നീതിബോധം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം. രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതക്കെതിരേയും നിയമവിരുദ്ധ തടങ്കലിനെതിരേയും സിപിഎം നടത്തുന്ന സമരങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ സി പി ജലീലിന്റെ കൊലയാളികള്‍ക്കെതിരേയാണ് ആദ്യം നടപടിയെടുക്കേണ്ടത്. അതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഇടതു സര്‍ക്കാരിന്റെ കാലത്ത് ഏഴുപേരെയാണ് മാവോവാദി ബന്ധമാരോപിച്ച് പോലിസ് വെടിവച്ചു കൊന്നത്. മാവോവാദി ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരായിരുന്ന അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും ഭീകരനിയമം ചുമത്തി പത്തുമാസം തടവിലിട്ടതും ഈ സര്‍ക്കാരാണ്. അവസാനം പിണറായി പോലിസിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞാണ് കോടതി അവര്‍ക്ക് ജാമ്യം നല്‍കിയത്. ഭരണകൂട ഭീകരതയെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരെന്നും ഇത് തിരുത്താത്ത പക്ഷം കാലം തിരുത്തിക്കുമെന്നതിന്റെ തെളിവാണ് ഫോറന്‍സിക് റിപോര്‍ട്ടെന്നും അജ്മല്‍ ഇസ്മായില്‍ വ്യക്തമാക്കി.

Vaithiri fake encounter murder: Murder case should be registered against policemen: SDPI




Next Story

RELATED STORIES

Share it