അഫ്ഗാനില്‍ നിന്നുള്ള യുഎസ് പിന്മാറ്റം ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കും

മേഖലയിലെ രാജ്യമായ ഇന്ത്യ, അഫ്ഗാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ ഇടപെടാനും പാകിസ്താന്‍ താലിബാനുള്ള പിന്തുണ വര്‍ധിപ്പിക്കാനും ഇത് ഇടയാക്കുമെന്നാണ് യുഎസ് ചിന്താ കേന്ദ്രമായ റാന്‍ഡ് കോര്‍പറേഷന്‍ പറയുന്നത്.

അഫ്ഗാനില്‍ നിന്നുള്ള യുഎസ് പിന്മാറ്റം ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കും

ന്യൂഡല്‍ഹി: അഫ്ഗാനില്‍ നിന്ന് സൈന്യത്തെ വന്‍തോതില്‍ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യയെ മേഖലയിലെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാന്‍ ഇടയാക്കുമെന്ന് റാന്‍ഡ് കോര്‍പറേഷന്‍. മേഖലയിലെ രാജ്യമായ ഇന്ത്യ, അഫ്ഗാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ ഇടപെടാനും പാകിസ്താന്‍ താലിബാനുള്ള പിന്തുണ വര്‍ധിപ്പിക്കാനും ഇത് ഇടയാക്കുമെന്നാണ് യുഎസ് ചിന്താ കേന്ദ്രമായ റാന്‍ഡ് കോര്‍പറേഷന്‍ പറയുന്നത്.

അഫ്ഗാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. സിറിയയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ അഫ്ഗാന്‍ പ്രത്യേക ദൂതന്‍ ജെയിംസ് ഡോബിന്‍സ്, അഫ്ഗാന്‍-പാകിസ്താന്‍ മുന്‍ പ്രത്യേക പ്രതിനിധി ലോറല്‍ ഇ മില്ലര്‍, മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരായ ജേസണ്‍ എച്ച് കാംപല്‍, സീന്‍ മാന്‍ എന്നിവര്‍ ചേര്‍ന്നാണ് റാന്‍ഡ് കോര്‍പറേഷനു വേണ്ടി റിപോര്‍ട്ട് തയ്യാറാക്കിയത്.

അഫ്ഗാന്റെ ഏറ്റവും പ്രധാന അയല്‍വാസിയായ പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധം 2001ന് ശേഷം ഏറ്റവും വഷളായ അവസ്ഥയിലാണുള്ളതെന്ന് റിപോര്‍ട്ട് പറയുന്നു. മേഖലയിലെ പ്രധാന രാജ്യങ്ങളായ റഷ്യ, ഇറാന്‍, ഇന്ത്യ, ഉസ്‌ബെക്കിസ്താന്‍ എന്നിവ അഫ്ഗാനിസ്താനിലെ താജിക്, ഉസ്‌ബെക്ക്, ഹസാര യുദ്ധപ്രഭുക്കളെ സഹായിച്ചുവരുന്നുണ്ട്. അമേരിക്ക പൊടുന്നനെ പിന്മാറുമ്പോള്‍ ഈ രാജ്യങ്ങള്‍ വലിയ തോതില്‍ അഫ്ഗാനിലെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

അതേ സമയം, അമേരിക്കയുടെ പിന്മാറ്റം താലിബാനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അഫ്ഗാന്‍ കൂടുതല്‍ വലിയ ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top