Big stories

ദേശീയതലത്തില്‍ വിദ്വേഷം 'തുപ്പി' ഹിന്ദുത്വര്‍; ഏറ്റെടുത്ത് കെ സുരേന്ദ്രനും പി സി ജോര്‍ജ്ജും

ഹിന്ദുത്വര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ തുടങ്ങിയ വിദ്വേഷ പ്രചാരണം കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘപരിവാരും പി സി ജോര്‍ജിനെ മുന്‍ നിര്‍ത്തി ക്രിസംഘികളുമാണ് ഏറ്റെടുത്തിരിക്കുന്നത്.

ദേശീയതലത്തില്‍ വിദ്വേഷം തുപ്പി ഹിന്ദുത്വര്‍;  ഏറ്റെടുത്ത് കെ സുരേന്ദ്രനും പി സി ജോര്‍ജ്ജും
X

ന്യൂഡല്‍ഹി: ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് തുടങ്ങി വിവിധ തരം ജിഹാദുകള്‍ക്ക് ശേഷം മുസ് ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന് പുതിയ ആയുധവുമായി ഹിന്ദുത്വര്‍. മുസ് ലിം ഹോട്ടലുകളേയും ഭക്ഷണ ശാലകളേയും ലക്ഷ്യമാക്കി 'തുപ്പല്‍ ജിഹാദ്' എന്ന പ്രചാരണത്തിനാണ് സംഘപരിവാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഹിന്ദുത്വര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ തുടങ്ങിയ വിദ്വേഷ പ്രചാരണം കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘപരിവാരും പി സി ജോര്‍ജിനെ മുന്‍ നിര്‍ത്തി ക്രിസംഘികളുമാണ് ഏറ്റെടുത്തിരിക്കുന്നത്.

2021 നവംബര്‍ 15ന് ഗാസിയാബാദിലെ ലോനിയില്‍ നിന്നുള്ള ഒരു മുസ്‌ലിം ഭക്ഷണശാല തൊഴിലാളിയുടെ ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് #ThookJihad (തുപ്പല്‍) എന്നതിന്റെ 'തെളിവ്' ആയി ഉപയോഗിച്ച ബിജെപി പ്രവര്‍ത്തകരും ഗൃലമലേഹ്യ പോലുള്ള വലതുപക്ഷ മാധ്യമങ്ങളും പ്രചരിപ്പിച്ചു.

അടുത്ത ദിവസം, ന്യൂസ് 18 എന്ന വാര്‍ത്താ ചാനലിന്റെ അവതാരകനായ അമന്‍ ചോപ്ര ഈ വീഡിയോയെ അടിസ്ഥാനമാക്കി ചാനല്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പച്ചയായ ഇസ്‌ലാമോഫോബിക് പ്രസ്താവനകള്‍ നടത്തുകയും 'റിവാസ്ഇതൂക്കിനെ' കുറിച്ച് സംസാരിക്കുകയും ചെയ്തു. ഭക്ഷണം മലിനമാക്കുന്നതിലൂടെ മുസ് ലിം ഭക്ഷണ ശാലകള്‍ ഹിന്ദുക്കള്‍ക്കെതിരെ ഗുഢാലോചന നടത്തുകയാണെന്ന് സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചു. അടുത്ത ദിവസം നവംബര്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോപ്രയെ ട്വിറ്ററില്‍ പിന്തുടര്‍ന്നു.

അതേസമയം, നവംബര്‍ 18ന് അവതാരകനും ന്യൂസ് 18 ചാനലും വാര്‍ത്തയും ഇതുസംബന്ധിച്ച മറ്റു പോസ്റ്റുകളും യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തു. വാര്‍ത്തയിലെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണം സ്വതന്ത്ര വസ്തുതാ പരിശോധകരും വാര്‍ത്താ വെബ്‌സൈറ്റായ ന്യൂസ്‌ലോണ്‍ട്രിയും ചൂണ്ടിക്കാട്ടിയതോടെയാണ് ന്യൂസ് 18 ചാനല്‍ വാര്‍ത്ത പിന്‍വലിച്ചത്. ഏഴ് സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ ചൂണ്ടിക്കാട്ടിയാണ് ചാനലും സംഘപരിവാര പ്രവര്‍ത്തകരും മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയത്. ഹിന്ദു രക്ഷ ദള്‍ പ്രവര്‍ത്തകരാണ് ഈ വീഡിയോ ആദ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്നും കണ്ടെത്തി.

'മുസ്‌ലിം ഹോട്ടലിലെ' തൊപ്പി ധരിച്ച ഒരു തൊഴിലാളി ചപ്പാത്തി ചുടുന്നതും ഈ തൊഴിലാളി ചപ്പാത്തിയില്‍ തുപ്പുന്നതായും വീഡിയോയില്‍ കാണിക്കുന്നു'. ഹിന്ദുരക്ഷാ ദള്‍ സംസ്ഥാന മേധാവി അമിത് പ്രജാപതി ദി വയറിനോട് പറഞ്ഞു, 'ഇതൊരു വര്‍ഗീയ പ്രശ്‌നമല്ല. ഭക്ഷണശാലയിലെ ഭക്ഷണം മുസ് ലിംകളും ഹിന്ദുക്കളും കഴിക്കുന്നു. ഈ പകര്‍ച്ചവ്യാധി സമയത്ത് ആളുകള്‍ ഏതെങ്കിലും രോഗത്തിന് ഇരയാകുന്നത് തടയാനാണ് ശ്രമിച്ചത്. ഹിന്ദു രക്ഷാ ദളിന്റെ ഒരു പ്രവര്‍ത്തകന്‍ അതുവഴി കടന്നുപോകുമ്പോള്‍, ഈ വ്യക്തി തുടര്‍ച്ചയായി റൊട്ടിയില്‍ തുപ്പുന്നത് കാണുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. പിന്നീട്, ഏകദേശം 5 മണിക്ക് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് പോയപ്പോള്‍, ഹോട്ടല്‍ തൊഴിലാളി അവരോട് മോശമായി പെരുമാറി, ഇതേതുടര്‍ന്ന് ഞങ്ങള്‍ പോലിസിനെ വിളിച്ചു. പോലിസ് തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു'. ഹിന്ദു രക്ഷാ ദള്‍ നേതാവ് പ്രജാപതി പറഞ്ഞു. ഇതൊരു വര്‍ഗീയ പ്രശ്‌നമായല്ല അവതരിപ്പിച്ചത് എന്ന ഹിന്ദു രക്ഷാ ദള്‍ നേതാവിന്റെ അവകാശ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഇട്ട അടിക്കുറിപ്പ് തെളിയിക്കുന്നത്. സംഭവത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകന്‍ സുമിത് സൂദ് വീഡിയോയില്‍ പറഞ്ഞു: 'ഇത് ഈ പന്നികളോടൊപ്പം(മുസ്‌ലിംകള്‍) വന്ന് ഭക്ഷണം കഴിക്കുന്ന ഹിന്ദുക്കള്‍ക്കുള്ളതാണ്. നിങ്ങള്‍ ദിവസവും വന്ന് അവരുടെ തുപ്പല്‍ തിന്നുന്നു. ഈ മുല്ലമാരെ എത്രത്തോളം ബഹിഷ്‌കരിക്കുന്നുവോ അത്രയും നല്ലത്. എന്റെ എല്ലാ സഹോദരന്മാര്‍ക്കും ഇതൊരു സന്ദേശമാണ്. ഈ പന്നികളോടൊപ്പം ഭക്ഷണം കഴിക്കരുത്'. ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകന്‍ പറഞ്ഞു. ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന പോലിസ് അറസ്റ്റ് ചെയ്ത തൊഴിലാളി റിമാന്റിലാണ്.

ഒക്ടോബറില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഭാട്ടിയ ചൗക്കിന് സമീപമുള്ള കടയില്‍ സംഘടിച്ചെത്തിയ ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീരാം വിളിച്ച് ആക്രമണം നടത്തുന്ന വീഡിയോ ആണ് പുറത്ത് വന്നത്. 'തൂക് ജിഹാദ്' എന്ന് ആക്രോശിച്ച് മുസ് ലിം ഭക്ഷണശാലയില്‍ ആക്രമണം നടത്തുന്നതാണ് വീഡിയോ. ഈ വീഡിയോയും ന്യൂസ് 18 വാര്‍ത്തയോടൊപ്പം കൊടുത്തിരുന്നു.

'എന്റെ എല്ലാ സഹോദരങ്ങള്‍ക്കും ജയ് ശ്രീറാം. ഒരു ഹിന്ദുവും മുസ്‌ലിം ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് ഞാന്‍ വളരെക്കാലമായി പറയുന്നുണ്ട്, കാരണം അവര്‍ നമ്മുടെ വിശ്വാസത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ജിഹാദി ചിന്താഗതിയുള്ള ഈ ആളുകളെ ബഹിഷ്‌കരിക്കുക, 'ചൗധരി ഫേസ്ബുക്കില്‍ കുറിച്ചു. ന്യൂസ് 18 ഈ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി ചര്‍ച്ചയാക്കി വിദ്വേഷ പ്രചാരണം കേരളത്തില്‍ കെ സുരേന്ദ്രനും പി സി ജോര്‍ജുമാണ് ഏറ്റെടുത്തിട്ടുള്ളത്. മുസ് ലിം മൊല്ലാക്കമാര്‍ തുപ്പിയാണ് ഹോട്ടലുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. യാതൊരു തെളിവിന്റേയും പിന്‍ബലമില്ലാതെയാണ് കെ സുരേന്ദ്രന്‍ വര്‍ഗീയ പ്രസ്താവന നടത്തിയത്. ക്രിസംഘികളും ഹിന്ദുത്വരും ദിവസങ്ങളായി നടത്തുന്ന പ്രചാരണമാണ് കെ സുരേന്ദ്രന്‍ ഏറ്റെടുത്തത്. ഇതിന് പിന്തുണയുമായി പൂഞ്ഞാന്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജും രംഗത്തെത്തിയിട്ടുണ്ട്.

ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ നിര്‍ബന്ധകാര്യമെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ് എന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വേളയില്‍ മുസ്‌ലിംകള്‍ മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

'2016ലെ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ഖത്തീബ് വന്നു. മുറ്റത്തിറങ്ങിയ വേളയില്‍ എന്റെ ശരീരം മുഴുവന്‍ തുപ്പി. അവര് നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അവരുടെ വിശ്വാസമാണത്. ഞാന്‍ നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോള്‍ ഞാന്‍ പോയിക്കുളിച്ചു. അത് കഴിഞ്ഞു. ഒരു സുഹൃത്ത് വന്നു വീണ്ടും മേലുമുഴുവന്‍ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ വീണ്ടും കയറിക്കുളിച്ചു.' ജോര്‍ജ് പറഞ്ഞു.

'ഭക്ഷണത്തില്‍ ഈ പണി എത്ര കൊല്ലമായി. മാവുണ്ടാക്കി കുഴയ്ക്കുമ്പോള്‍ മൂന്നു തവണ തുപ്പും, അതാണ് നമ്മള്‍ കഴിക്കുന്നത്. ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടികൊടുക്കേണ്ടേ. ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാന്‍ കൊള്ളുവോ. ഒരൊറ്റ മുസ്‌ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാന്‍, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്‌ലിമിന്റെ നിയമം. ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവരുടെ നിര്‍ബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അച്ചന്മാര്‍ സോഷ്യലിസം പ്രസംഗിച്ചു നടക്കുകയാണ് എന്നും പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അറിയുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'നമ്മുടെ പിതാക്കന്മാരും അച്ചന്മാരും സോഷ്യലിസം പ്രസംഗിച്ചു കൊണ്ട് നടക്കുകയാണ്. നമ്മുടെ പെണ്ണുങ്ങളെ തണ്ടിക്കൊണ്ടു പോകുകയാണ്. ഇവന്മാര്‍ക്ക് എന്തും ആകാമെന്ന നിലയായിട്ടുണ്ട്. ഇതൊക്കെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ഉത്തരവാദിത്വം ഇവിടത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമുണ്ട്.' ജോര്‍ജ് പറഞ്ഞു.

ചര്‍ച്ചയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ കണ്ട അനുഭവവും അദ്ദേഹം പങ്കുവച്ചു. 'ഞാന്‍ കാന്തപുരം ഉസ്താദിനെ പോയി കാണുമ്പോള്‍, കാന്തപുരം ഉസ്താദ് അവിടെ ഇല്ലാതിരുന്നിട്ടും അവിടെ കയറിയിട്ടേ പോകാവൂ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അവിടെച്ചെന്ന് അഞ്ചു മിനിറ്റിനുള്ളില്‍ പതിനായിരത്തോളം ആളുകളെ അണിനിരത്തി എന്നെ കൊണ്ട് അവിടെ പ്രസംഗിപ്പിച്ചു. അത്രയും ശുദ്ധനായ മനുഷ്യന്‍. എന്നോട് സ്‌നേഹമുള്ളയാളാണ് കാന്തപുരം ഉസ്താദ്. അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോള്‍, തുപ്പിയില്ലെങ്കില്‍ മനുഷ്യന്‍ സമ്മതിക്കില്ല. കൈനീട്ടിക്കൊടുക്കുകയാണ്. പുള്ളിയിങ്ങനെ നില്‍ക്കുമ്പോള്‍ പിറകില്‍ ഒരാള്‍ വെള്ളം കൊണ്ട് നില്‍ക്കുകയാണ്. പുള്ളി ഇങ്ങനെ തുപ്പിക്കൊണ്ടിരിക്കുകയാണ്. അതവരുടെ ഒരു വിശ്വാസമാണ്. നമ്മളാ തുപ്പല് മേടിക്കേണ്ട. എന്റെ അഭിപ്രായം അതാണ്. മുസ്‌ലിംകള് അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്‌തോളണം എന്നവര്‍ നിര്‍ബന്ധിക്കരുത്. നമ്മുടെ പെണ്ണുങ്ങനെ തന്നെ തട്ടിക്കൊണ്ടു പോകണം, പോയാല്‍പ്പോരാ, കോഴിക്കോട്ടെ വലിയ ജയിലറ പോലുള്ള സ്ഥലത്ത് മുസ്‌ലിമാക്കിക്കഴിഞ്ഞ ശേഷം ബലാത്സംഗം നടത്തണം.ഒരു പെണ്ണിനെ പുറത്ത് കിട്ടിയപ്പോഴാണ് ഇതൊക്കെ എനിക്കു കിട്ടിയത്. അതു കഴിഞ്ഞ് കൊച്ചുങ്ങളെ നേരെ സിറിയയ്ക്ക്, താലിബാന്റെ വേശ്യകളായി കൊടുക്കുകയാണ്. ഒരു മുസ്‌ലിം പെണ്ണുങ്ങളെയും ഇവര്‍ കൊണ്ടുപോയിട്ടില്ലല്ലോ. ഇതൊക്കെ എതിര്‍ത്തേ പറ്റൂ'.

'നാനൂറോളം ഹിന്ദുക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയ കണക്ക് എന്റെയടുത്തുണ്ട്. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ്. അത് അംഗീകരിക്കാന്‍ പറ്റില്ല. ഞാനങ്ങനെ വര്‍ഗീയത കാണിക്കുന്നവനല്ല. ഈരാറ്റുപേട്ടയില്‍ ഹലാല്‍ ചിക്കനുണ്ട്. ഒരു ഹൈന്ദവന്‍ ഹലാല്‍ പോര്‍ക്ക് എന്ന ബോര്‍ഡ് ഉണ്ടാക്കി. ഞാനവിടെ ചെന്നു പറഞ്ഞു. പൊന്നുമോനേ ഇത് ദൈവത്തെ ഓര്‍ത്ത് ചെയ്യരുത്. കാക്കാര് വിവരമില്ലാത്തു കൊണ്ടാണ് ഹലാല്‍ ചിക്കന്‍ എന്നു പറഞ്ഞു നടക്കുന്നത്. നീ ഹലാല്‍ പോര്‍ക്ക് പണി ചെയ്യരുത്. അത് ശരിയല്ല എന്ന് പറഞ്ഞു പിന്‍വലിപ്പിച്ചു. ഇവന്മാരുടെ ഈ വര്‍ഗീയ സ്വരമൊന്ന് മാറണം. ഇത് നാണം കെട്ട ശൈലിയാണ്.' ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it