മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു

ജില്ലാതല കമ്മിറ്റികള്‍ ഫെബ്രുവരി 12 മുതല്‍ 16 വരെയുള്ള തിയ്യതികളില്‍ രൂപീകരിക്കും

മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു

തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു. സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന് ഫെബ്രുവരിയില്‍ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കാനും മാര്‍ച്ചില്‍ ജില്ലാതലത്തില്‍ വിപുലമായ ബഹുജനസംഗമങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റൈറ്റ് റവ. ധര്‍മ്മരാജ് റസാലം, ഫാ. യുജീന്‍ പെരേര, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഷാജി ജോര്‍ജ്ജ്, ഡോ. ഫസല്‍ ഗഫൂര്‍, പി രാമഭദ്രന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി, ഡോ. ഹുസയ്ന്‍ മടവൂര്‍, ഒ അബ്ദുര്‍റഹ്മാന്‍, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, എം അഹമ്മദ്കുട്ടി മദനി, അഡ്വ. കെ പി മുഹമ്മദ്, പി അബ്ദുല്‍ ഹക്കീം ഫൈസി, പി കെ സജീവ്, പി ആര്‍ ദേവദാസ്, സി പി സുഗതന്‍, എ നസീര്‍, അഡ്വ. സി കെ വിദ്യാസാഗര്‍, അഡ്വ. കെ ശാന്തകുമാരി, ടി പി കുഞ്ഞുമോന്‍, പി ആര്‍ ദേവദാസ് പങ്കെടുത്തു. യോഗത്തില്‍ സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാതല കമ്മിറ്റികള്‍ ഫെബ്രുവരി 12 മുതല്‍ 16 വരെയുള്ള തിയ്യതികളില്‍ രൂപീകരിക്കും. ജില്ലാതലത്തിലുള്ള ബഹുജനകൂട്ടായ്മ മാര്‍ച്ച് 10 മുതല്‍ 15 വരെ നടക്കും. എല്ലാ ജില്ലകളിലും വൈകിട്ട് 4നാവും കൂട്ടായ്മ. ജില്ലാതല കൂട്ടായ്മകള്‍ വിപുലമായ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സാമൂഹിക മാറ്റത്തില്‍ നവോത്ഥാനം വഹിച്ച പങ്ക് വലുതാണ്. ഈ മുന്നേറ്റത്തില്‍ എല്ലാവരും പങ്കുവഹിച്ചിട്ടുണ്ട്. ജാതിഭേദമോ മതവൈരമോ ഇല്ലാത്ത സമൂഹമായിരുന്നു നമ്മുടേത്. ഈ സാഹോദര്യം തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
RELATED STORIES

Share it
Top