Latest News

മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം; അര്‍ജന്റീന ഫുട്ബാള്‍ ഫാന്‍ ക്ലബ് തലവനെതിരേ മാനനഷ്ടത്തിന് 50 കോടി ആവശ്യപ്പെട്ട് ഗാംഗുലി

മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം; അര്‍ജന്റീന ഫുട്ബാള്‍ ഫാന്‍ ക്ലബ് തലവനെതിരേ മാനനഷ്ടത്തിന് 50 കോടി ആവശ്യപ്പെട്ട് ഗാംഗുലി
X

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അര്‍ജന്റീന ഫാന്‍ ക്ലബ്ബ് പ്രസിഡന്റ് ഉത്തം സാഹയ്ക്കെതിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ക്ലബ് പ്രസിഡന്റ് ഉത്തം സാഹക്കെതിരെ ഇ-മെയില്‍ വഴി കൊല്‍ക്കത്ത പോലിസിന്റെ സൈബര്‍ സെല്ലിന് പരാതി നല്‍കിയത്. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. മെസിയുടെ പരിപാടിയുമായി തനിക്ക് ഔദ്യോഗികമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ഗാംഗുലി വ്യക്തമാക്കുന്നു. അതിഥിയായി മാത്രമാണ് സ്റ്റേഡിയത്തില്‍ പോയതെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും ഗാംഗുലി സാഹയ്ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

സംഘര്‍ഷത്തില്‍ കലാശിച്ച മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനമാണ് കേസിനാധാരം. ഗോട്ട് ടൂറുമായി ബന്ധപ്പെട്ട പ്രമോട്ടര്‍ സത്രാദു ദത്തയുടെ സംഘാടനത്തില്‍ ഗാംഗുലി മധ്യസ്ഥത വഹിച്ചുവെന്നാണ് നേരത്തേ സാഹ ആരോപിച്ചിരുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ രംഗത്തെത്തിയത്. സാഹയുടെ പ്രസ്താവനകള്‍ തന്റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തിയതെന്നും ഗാംഗുലി പരാതിയില്‍ പറയുന്നു. തെറ്റായ, ദുരുദ്ദേശത്തോടെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശമാണ് നടത്തിയെന്നും തന്റെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കാനായി മനപൂര്‍വം നടത്തിയതാണെന്നും പരാതിയില്‍ വ്യക്തമാക്കി.

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ മെസിയുടെ സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മെസിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ കാണികള്‍ അക്രമാസക്തരായി. സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുകയും സീറ്റുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സംഘാടകനായ സതാദ്രു ദത്തയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മെസിയോടും ആരാധകരോടും മാപ്പുപറഞ്ഞു. പിന്നാലെ ബംഗാള്‍ കായികമന്ത്രി രാജിവച്ചിരുന്നു.

Next Story

RELATED STORIES

Share it