Sub Lead

മഴ ശമിച്ചെങ്കിലും ചെന്നൈയിലും സമീപങ്ങളിലും വെള്ളക്കെട്ട് നീങ്ങിയില്ല

570 മോട്ടറുകളാണ് വെള്ളം ഒഴുക്കാനായി പ്രവര്‍ത്തിപ്പിക്കുന്നത്. വാണിജ്യകേന്ദ്രങ്ങളായ ടിനഗര്‍,ഒഎംആര്‍, ആല്‍വാര്‍പേട്ട് എന്നിവടങ്ങളിലെല്ലാം റോഡുകളില്‍ ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ്

മഴ ശമിച്ചെങ്കിലും ചെന്നൈയിലും സമീപങ്ങളിലും വെള്ളക്കെട്ട് നീങ്ങിയില്ല
X

ചെന്നൈ: മഴ ശമിച്ചെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് തുടരുന്നു. ചെന്നൈ നഗരത്തിലും നഗരത്തിന് പുറത്തെ മുടിച്ചൂര്‍, പെരുമ്പാക്കം, സെമ്മഞ്ചേരി തുടങ്ങിയ മേഖലകളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണെന്ന അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുമെന്ന് റവന്യൂ മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. സെന്‍ട്രല്‍ ചെന്നൈ അടക്കം 534 മേഖലകള്‍ വെള്ളക്കെട്ടിലായിരുന്നു. 204 ഇടങ്ങളിലെ വെള്ളം പൂര്‍ണമായി വറ്റിച്ചെങ്കിലും 330 മേഖലകള്‍ ഇപ്പോഴും വെള്ളത്തിലാണ്. 2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളില്‍ ഉള്ളത്. കര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്. നീലഗിരി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ജനങ്ങള്‍ മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് മഴ മാറിയതുമുതല്‍ 570 മോട്ടറുകളാണ് വെള്ളം ഒഴുക്കാനായി പ്രവര്‍ത്തിപ്പിക്കുന്നത്. വാണിജ്യകേന്ദ്രങ്ങളായ ടിനഗര്‍,ഒഎംആര്‍, ആല്‍വാര്‍പേട്ട് എന്നിവടങ്ങളിലെല്ലാം റോഡുകളില്‍ ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ്. പ്രധാനപ്പെട്ട സബ് വേകളെങ്കിലും വേഗത്തില്‍ തുറക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ കോര്‍പ്പറേഷന്‍. ചെന്നൈയിലെ 22 കോസ് വേകളില്‍ 17 ലും ഗതാഗതം പുനസ്ഥാപിച്ചു.

23 റോഡുകളില്‍ വെള്ളക്കെട്ടുള്ളതിനാല്‍ റോഡ് ഗതാഗതം ഭാഗികമാണ്.വിമാന സര്‍വീസുകള്‍, ദീര്‍ഘ ദൂര -സബേര്‍ബന്‍-മെട്രോ ട്രെയിനുകള്‍ എന്നിവ സര്‍വ്വീസ് തുടരുന്നുണ്ട്.അതിനിടെ, കഴിഞ്ഞദിവസം മരം വീണു ബോധരഹിതനായതിനെ തുടര്‍ന്നു വനിതാ പോലിസ് ഇന്‍സ്‌പെക്ടര്‍ തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച ഉദയകുമാര്‍ (23) ചികിത്സയ്ക്കിടെ മരിച്ചു. ഇതുള്‍പ്പെടെ മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 17 ആയി. വെള്ളം കയറിയ കെ കെ നഗറിലെ ഇഎസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ക്രോംപേട്ടിലെ ആശുപത്രിയിലെയും ടിബി ആശുപത്രിയിലെയും രോഗികളെ ഇന്നലെ വൈകീട്ടോടെ ഒഴിപ്പിച്ചു.

ശുചീകരണം പൂര്‍ത്തിയാക്കിതിനുശേഷമെ ആശുപത്രികള്‍ തുറക്കൂ.ന്യൂന മര്‍ദ്ദം ശമിച്ചിട്ടില്ലാത്തതിനാല്‍ ആന്ധ്രയുടെ തീരമേഖലയില്‍ കനത്ത മഴ തുടരുന്നു. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കമുള്ള ജില്ലകളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.ദുരിതാശ്വാസ ക്യാംപുകള്‍ അടക്കം സജ്ജീകരിച്ചു. ക്യാംപുകളിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയില്‍ വിന്യസിച്ചു. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ബംഗാല്‍ ഉള്‍ക്കടലില്‍ നിന്നുള്ള ചക്രവാത ചുഴികളുടെ ആക്രമണം ഈയിടെ വര്‍ദ്ധിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it