പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം
സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സഭാനടപടികള്‍ പൂര്‍ത്തിയായാല്‍ സമ്മേളനം 2020 ഒക്ടോബര്‍ 1 വ്യാഴാഴ്ച സമാപിക്കും. 18 ദിവസം നീളുന്ന സമ്മേളനത്തില്‍ 18 സിറ്റിങുകള്‍ ഉണ്ടാകും. ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും സഭ ചേരും.
ന്യൂഡല്‍ഹി: 17ാമത് ലോക്സഭയുടെ നാലാമത് സമ്മേളനവും രാജ്യസഭയുടെ 252ാമത് സമ്മേളനവും നാളെ ആരംഭിക്കും. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സഭാനടപടികള്‍ പൂര്‍ത്തിയായാല്‍ സമ്മേളനം 2020 ഒക്ടോബര്‍ 1 വ്യാഴാഴ്ച സമാപിക്കും. 18 ദിവസം നീളുന്ന സമ്മേളനത്തില്‍ 18 സിറ്റിങുകള്‍ ഉണ്ടാകും. ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും സഭ ചേരും. ഈ വര്‍ഷകാല സമ്മേളനത്തില്‍ ആകെ 47 ഇനങ്ങളാണ് പരിഗണനയ്ക്ക് വരുന്നത്. 45 ബില്ലുകളും 2 ധനകാര്യ ഇനങ്ങളും ഇതിലുള്‍പ്പെടുന്നു.
ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായി 11 നിയമങ്ങള്‍ പാസാക്കാനുണ്ട്. 2020ല്‍ ഓര്‍ഡിനന്‍സുകളായി പുറത്തിറക്കിയ പാപ്പരത്വ രണ്ടാം ഭേദഗതി ബില്‍, ബാങ്കിങ് റെഗുലേഷന് ഭേദഗതി ബില്‍, നികുതി നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതിനുള്ള ബില്‍, പകര്‍ച്ചവ്യാധി ഭേദഗതി ബില്‍, മന്ത്രിമാരുടെ ശമ്പളം, അലവന്‍സുകള്‍ സംബന്ധിച്ച ഭേദഗതി ബില്‍, പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്ഷന് സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവ ഈ വര്‍ഷകാലസമ്മേളനത്തില്‍ തന്നെ പാസാക്കേണ്ടതുണ്ട്. ചില സുപ്രധാന നിയമനിര്‍മ്മാണങ്ങളും ഈ സമ്മേളനത്തില്‍ പരിഗണിക്കേണ്ടതുണ്ട്. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഭേദഗതി ബില്‍, മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് ഭേദഗതി ബില്‍ എന്നിവ ഈ സമ്മേളനത്തില്‍ നിയമമാകാന്‍ സാധ്യതയുണ്ട്.
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമായതിനാല്‍, കൊവിഡ്19 മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് സമ്മേളനം നടത്താനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്. ദിവസവും നാല് മണിക്കൂര്‍ വീതമാകും ഇരു സഭകളും കൂടുക. രാജ്യസഭ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, ലോക്സഭ ഉച്ചയ്ക്ക് ശേഷം 3 മുതല്‍ വൈകീട്ട് 7 വരെയും. എന്നാല്‍ ആദ്യ ദിവസം മാത്രം, അതായത് സെപ്റ്റംബര്‍ 14ന്, ലോക്സഭയും രാവിലെ തന്നെ യോഗം ചേരും. എംപിമാരെ ശാരീരിക അകലം പാലിച്ച് ഇരുത്തുന്നതിനായി ഇരുസഭകളുടെയും ചേമ്പറുകളും ഗ്യാലറികളും ഉപയോഗിക്കും. എംപിമാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. സീറ്റുകള്‍ പോളി കാര്‍ബണ്‍ ഷീറ്റുകള്‍ ഉപയോഗിച്ച് വേര്‍തിരിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിലും ശൂന്യവേള ഉണ്ടാകും.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT