Sub Lead

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും, കേസ് ഏറ്റെടുത്തു

മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന തരത്തില്‍ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും, കേസ് ഏറ്റെടുത്തു
X

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കും. ബാലഭാസ്‌കറിന്റെ പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നത്. മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന തരത്തില്‍ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും എത്തിച്ചേര്‍ന്നത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയത്.

വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആണെന്നാണ് അര്‍ജുന്‍ പോലിസില്‍ പറഞ്ഞത്.

കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് അപകടത്തിന് ശേഷം ഡ്രൈവറായ അര്‍ജുനും ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷ്മിയും പോലിസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്. പോലിസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയാണ് ക്രൈംബ്രാഞ്ച് ഒടുവില്‍ സത്യം കണ്ടെത്തിയത്.


Next Story

RELATED STORIES

Share it