Latest News

'പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതിനാണ് ചോദ്യം ചെയ്യലെങ്കില്‍ ആദ്യം നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്ക്'; രാഹുല്‍ മാങ്കൂട്ടത്തില്‍

പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതിനാണ് ചോദ്യം ചെയ്യലെങ്കില്‍ ആദ്യം നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തില്‍
X

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നുളളതാണോ അടൂര്‍ പ്രകാശിന് എതിരേയുളള കുറ്റമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് എസ്‌ഐടി ആദ്യം നോട്ടീസ് അയക്കേണ്ടതെന്നും എംഎല്‍എ പരിഹസിച്ചു.

കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരില്‍ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികളെന്ന് രാഹുല്‍ ചോദിച്ചു. ഫോട്ടോ എടുത്തവര്‍ക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്‌ഐടിയുടെ തീരുമാനമെങ്കില്‍ ആദ്യം നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്കാണെന്നും അദ്ദേഹം പരിഹസിച്ചു.

2019 മുതലാണ് ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതെന്ന് പറയപ്പെടുന്നു. അന്ന് മുതല്‍ അടൂര്‍ പ്രകാശ് പ്രതിപക്ഷ എംപി മാത്രമാണ്. ഭരണകൂടം ആസൂത്രിതമായി നടത്തിയ ഒരു കൊള്ളയില്‍ പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വര്‍ണക്കൊള്ള നടത്താന്‍ കഴിയുന്നത്ര 'കഴിവുകെട്ടവരാണോ' ഈ ഭരണകൂടം. ശബരിമലയിലെ അയ്യപ്പന്റെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സര്‍ക്കാരിന്റെ നഷ്ടമായ ഇമേജ് വീണ്ടെടുക്കാന്‍ പറ്റുമോ എന്നുള്ള ലാസ്റ്റ് റൗണ്ട് ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയേക്കാള്‍ വലുതാകും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുന്ന അടിയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സ്തുതിപാടകരായ മാധ്യമപ്രവര്‍ത്തകരും എത്ര ഓവര്‍ടൈം ജോലി ചെയ്താലും സത്യം ജനം തിരിച്ചറിയുമെന്നും, പോറ്റിയെ ശബരിമലയില്‍ കയറ്റിയതും ജയിലില്‍ നിന്ന് ഇറക്കിയതും സഖാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it