Latest News

'മലപ്പുറം ജില്ല വിഭജിക്കണം'; സമസ്ത പ്രമേയം

മലപ്പുറം ജില്ല വിഭജിക്കണം; സമസ്ത പ്രമേയം
X

കാസര്‍കോട്: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത പ്രമേയം. കാസര്‍കോട് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് ജില്ലകളുടെ പുനര്‍നിര്‍ണയം ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചത്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറത്ത് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്ന് പ്രമേയത്തില്‍ സമസ്ത ആവശ്യപ്പെട്ടു. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ടെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാടിനെ കേരളത്തിന് പ്രശ്‌നം മാതൃകയാക്കാവുന്നതാണ്.

ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ പുനര്‍നിര്‍ണ്ണയം നടത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഉമര്‍ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. മലപ്പുറം ഉള്‍പ്പെടേയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടേയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചക്ക് അത് വേഗത കൂട്ടുകയും ചെയ്യും. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും സമസ്ത പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it