Sub Lead

തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് പോലിസ് കമ്മീഷണര്‍; കേസെടുത്തത് അഞ്ച് പേര്‍ക്കെതിരേ മാത്രം

തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് പോലിസ് കമ്മീഷണര്‍; കേസെടുത്തത് അഞ്ച് പേര്‍ക്കെതിരേ മാത്രം
X

കണ്ണൂര്‍: തലശ്ശേരിയില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. നഗരത്തില്‍ എല്ലായിടത്തും കൂടുതല്‍ പോലിസിനെ വിന്യസിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.

രണ്ട് ദിവസം മുന്‍പ് കെ ടി ജയകൃഷ്ണന്‍ ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തലശ്ശേരി നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഭവം വിവാദമായതിനെ തുടര്‍ന്ന് കണ്ടാലറിയുന്ന 25 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്ഡിപിഐ, യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ സംഘടനകള്‍ തലശ്ശേരി ടൗണില്‍ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ്സിനെതിരേ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു എസ്ഡിപിഐ പ്രകടനം. എന്നാല്‍, എസ്ഡിപിഐ പ്രകടനത്തിനിടെ വര്‍ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഇന്നലെ ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ച് നൂറുകണക്കിന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തലശ്ശേരിയില്‍ ടൗണില്‍ പ്രകടനം നടത്തി. കനത്ത പോലിസ് സന്നാഹത്തെ സാക്ഷിയാക്കിയാണ് ആര്‍എസ്എസ് പ്രകടനം നടത്തിയത്. പരസ്യമായി വര്‍ഗീയ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിട്ടും പോലിസ് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഭയക്കുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പടെ അഞ്ചുപേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. മുന്നൂറിലധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് നഗരത്തില്‍ സംഘടിച്ച് പ്രകടനം നടത്തിയിട്ടും അഞ്ച് പേര്‍ക്കെതിരേ മാത്രം കേസെടുത്തത് ചര്‍ച്ചയായിട്ടുണ്ട്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. ആളുകള്‍ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും പോലിസ് അറിയിച്ചു. എസ്ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷം ഒഴിവാക്കാന്‍ തലശ്ശേരി മേഖലയില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ വന്‍ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായത്. ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ തലശ്ശേരി ടൗണില്‍ എത്തിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചു നിന്നു. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പോലിസ് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.

Next Story

RELATED STORIES

Share it