Sub Lead

രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഡിഎംകെ; രണ്ടാംസ്ഥാനം ബിജെപിക്ക്

ഓണ്‍ലൈനില്‍ കാര്യമായി പ്രചാരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്ന പാര്‍ട്ടികളില്‍ ഒന്ന് ബിജെപി തന്നെയാണ്. രണ്ടു വര്‍ഷത്തിനിടെ ബിജെപി ചെലവാക്കിയത് 17.27 കോടി രൂപയാണ്.

രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഡിഎംകെ; രണ്ടാംസ്ഥാനം ബിജെപിക്ക്
X

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്കായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിവിധ പാര്‍ട്ടികള്‍ ചെലവാക്കിയ പണത്തിന്റെ കണക്കുകള്‍ ഗൂഗിള്‍ പുറത്തുവിട്ടു. 2019 ഫെബ്രുവരി മുതല്‍ 2021 ഏപ്രില്‍ 6 വരെ രാജ്യത്തെ വിവിധ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചത് 67.41 കോടി രൂപയാണ്. 22,404 പരസ്യങ്ങള്‍ക്കായാണ് ഇത്രയും പണം ചെലവാക്കിയത്.

ഗൂഗിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലായാണ് ഈ പരസ്യം കാണിച്ചിരുന്നത്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത് തമിഴ്‌നാടാണ്. തമിഴ്‌നാട് 31.87 കോടി രൂപയാണ് പരസ്യത്തിനായി ചെലവിട്ടത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത് (6.44 കോടി രൂപ). എന്നാല്‍, കഴിഞ്ഞ ദിവസം വോട്ടിങ് നടന്ന കേരളത്തില്‍ ആകെ ചെലവാക്കിയത് 63 ലക്ഷം രൂപ മാത്രമാണ്.

ഓണ്‍ലൈനില്‍ കാര്യമായി പ്രചാരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്ന പാര്‍ട്ടികളില്‍ ഒന്ന് ബിജെപി തന്നെയാണ്. രണ്ടു വര്‍ഷത്തിനിടെ ബിജെപി ചെലവാക്കിയത് 17.27 കോടി രൂപയാണ്. എന്നാല്‍ ബിജെപിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെയാണ്. ഡിഎംകെ ചെലവാക്കിയത് 20 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ളത് തമിഴ്‌നാട്ടില്‍ നിന്നുള്ള എഐഡിഎംകെയാണ് (7 കോടി രൂപ). രാജ്യത്തെ മുന്‍നിര പാര്‍ട്ടിയായ കോണ്‍ഗ്രസ് ചെലവാക്കിയത് കേവലം 2.7 കോടി രൂപ മാത്രമാണ്.

കേരളത്തില്‍ നിന്നുള്ള മുന്‍നിര പാര്‍ട്ടിയായ സിപിഎം രണ്ടു വര്‍ഷത്തിനിടെ ചെലവാക്കിയത് 16 ലക്ഷം രൂപയാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി മുടക്കുന്ന തുക എത്രയെന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും വെളിപ്പെടുത്താന്‍ തുടങ്ങിയത് 2019 ഫെബ്രുവരി മുതലാണ്. അന്നു മുതലുള്ള ഡേറ്റ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. 2019 ഫെബ്രുവരി മുതല്‍ ഇതുവരെ ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍നിന്നു മാത്രം ലഭിച്ചത് 100 കോടിയോളം രൂപയാണ്.

Next Story

RELATED STORIES

Share it