Sub Lead

തെലങ്കാനയില്‍ ജ്യോതിബാ ഫുലെയുടെ പ്രതിമ തകര്‍ക്കാന്‍ ശ്രമം; 20 ഹിന്ദുത്വര്‍ അറസ്റ്റില്‍

തെലങ്കാനയില്‍ ജ്യോതിബാ ഫുലെയുടെ പ്രതിമ തകര്‍ക്കാന്‍ ശ്രമം; 20 ഹിന്ദുത്വര്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: തെലങ്കാനയിലെ സാങ്ങാരെഡ്ഡി ജില്ലയില്‍പ്പെട്ട തെല്ലാപൂര്‍ ഗ്രാമത്തില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവായ മഹാത്മാ ജ്യോതിബാ ഫുലെയുടെ പ്രതിമ തകര്‍ക്കാന്‍ ഹിന്ദുത്വ ശ്രമം. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. സംഘപരിവാര്‍ ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 6ന് ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നത്. രണ്ട് ദിവസം മുന്‍പാണ് ഫുലെയുടെ പ്രതിമ ഇവിടെ സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

കൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് കൊല്ലൂര്‍ എസ്എച്ച്ഒ ഗണേഷ് പട്ടേല്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത്-പിന്നാക്ക വിഭാഗ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തി. ഫുലെയുടെ ആശയങ്ങള്‍ക്കും സാമൂഹ്യ നീതിക്കും നേരെയുള്ള ആക്രമണമാണിതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സംഭവം അപലപിക്കുകയും പ്രതിമ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it