Sub Lead

കശ്മീര്‍ പ്രശ്‌നത്തില്‍ ട്രംപ് മധ്യസ്ഥത വഹിക്കണം;ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്നും ഇമ്രാന്‍ ഖാന്‍

70 വര്‍ഷമായി തുടരുന്ന ഇന്ത്യാ- പാക് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തില്‍ ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണെന്നും തലമുറകളായി കശ്മീരികള്‍ കഷ്ടതയും ദുരിതവുമനുഭവിക്കുകയാണെന്നും ഇതിന് ഒരു പരിഹാരം ആവശ്യമാണെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

കശ്മീര്‍ പ്രശ്‌നത്തില്‍ ട്രംപ് മധ്യസ്ഥത വഹിക്കണം;ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്നും ഇമ്രാന്‍ ഖാന്‍
X

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടുള്ള ഇന്ത്യയുടെ പ്രതികരണം അല്‍ഭുതപ്പെടുത്തിയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

70 വര്‍ഷമായി തുടരുന്ന ഇന്ത്യാ- പാക് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തില്‍ ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണെന്നും തലമുറകളായി കശ്മീരികള്‍ കഷ്ടതയും ദുരിതവുമനുഭവിക്കുകയാണെന്നും ഇതിന് ഒരു പരിഹാരം ആവശ്യമാണെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന ട്രംപിന്റെ ട്വീറ്റ് വിവാദമായിരുന്നു.

ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സഭകളിലും വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേസമയം ട്രംപിനോട് ഇത്തരമൊരാവശ്യം ഇന്ത്യന്‍ പ്രധാനമന്ത്രി ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ വിശദീകരണം നല്‍കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടില്‍ നിന്നും ഇന്ത്യ പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മധ്യസ്ഥത വഹിക്കാമെന്നല്ല പറഞ്ഞതെന്നും പ്രശ്‌നപരിഹാരത്തിന് സഹായിക്കാന്‍ തയ്യാറാണെന്നുമാണ് പറഞ്ഞതെന്നും ട്രംപ് തിരുത്തി. എന്നാല്‍ മോദിക്കെതിരെ ഈ പ്രശ്‌നത്തില്‍ ശക്തമായി ആഞ്ഞടിക്കുകയാണ് പ്രതിപക്ഷം.

ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കശ്മീര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സഹായം അഭ്യര്‍ഥിച്ചെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. പ്രശ്‌നത്തില്‍ അമേരിക്കന്‍ മധ്യസ്ഥത ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ത്രിദിന സന്ദര്‍ശനത്തിനായാണ് ഇമ്രാന്‍ ഖാന്‍ യുഎസിലെത്തിയത്.പാക് പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള ഇമ്രാന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.

Next Story

RELATED STORIES

Share it